കൊച്ചുതോവാളയിലെ വീട്ടമ്മയുടെ കൊലപാതകം; പോലീസ് പ്രതികളെ പിടികൂടാത്തതിന് പിന്നിൽ ബാഹ്യ ഇടപെടൽ ; ആരോപണവുമായി പൗരസമിതി രംഗത്ത്
കട്ടപ്പന: കൊച്ചുതോവാളയില്‍ വീട്ടമ്മ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊച്ചുതോവാള പൗരസമിതി രംഗത്ത്. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക,പോലീസ് ഉദാസീനത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പൗരസമിതിയുടെ നേതൃത്വത്തിൽ കൊച്ചുതോവാള എസ്.എൻ ജങ്ഷനിൽ പ്രതിഷേധ സംഗമം നടത്തിയത്. കഴിഞ്ഞ എട്ടാം തീയതി പുലര്‍ച്ചെയാണ് കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (60)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ചിന്നമ്മയുടേത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ചിന്നമ്മയുടെ ശരീരത്തിലെ നാല് പവന്‍ ആഭരണങ്ങള്‍ കാണാനില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാത്തത് പോലീസിന്റെ വീഴ്ചയാണെന്നാണ് പൗരസമിതി ആരോപിക്കുന്നത്.ഉറങ്ങാന്‍ കിടന്ന വീട്ടമ്മയെ പുലര്‍ച്ചെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് പ്രദേശവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വീട്ടമ്മയുടെ കൊലപാതക കേസില്‍ ഇരുപതംഗ പ്രത്യേക പോലീസ് സംഘം അന്വേഷണം ഏറ്റെടുത്തിട്ടും പുരോഗതി ഇല്ലാത്ത സ്ഥിതിയാണ്.
ഭര്‍ത്താവുള്‍പ്പെടെയുള്ളവരെ സംശയമുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് അന്വേഷണത്തില്‍ വെല്ലുവിളി. ചിന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന ഭര്‍ത്താവ് ജോര്‍ജിന്റെ മൊഴിയാണ് കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. മോഷണശ്രമത്തിനിടെ ചിന്നമ്മയെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസിന് സംശയമുണ്ടെങ്കിലും ഇതിനാവശ്യമായ തെളിവുകള്‍ ഫൊറന്‍സിക് പരിശോധനയിലടക്കം ലഭിച്ചിട്ടില്ല.
എന്നാൽ പോലീസ് പ്രതികളെ പിടികൂടാത്തതിന് പിന്നിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് പൗരസമിതിയുടെ ആരോപണം. പ്രതികളെ ഉടൻ പിടികൂടാത്ത പക്ഷം ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. പ്രതിഷേധ സംഗമത്തിൽ കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായി, പൗരസമിതി ഭാരവാഹികളായ മാത്യു നെല്ലിപ്പുഴ, രതീഷ് വരകുമല,കെ.എൻ വിനീഷ് കുമാർ, അനീഷ് കരിക്കാമറ്റത്തിൽ, സന്തോഷ് ചോറ്റാനിക്കര, മോഹൻദാസ് വേലംമാവുകുടിയിൽ എന്നിവർ പങ്കെടുത്തു