കോഴിക്കോട് കടപ്പുറത്തെ പെട്ടിക്കടകള്‍ക്ക് ഇനി ആധുനിക രൂപം
കോഴിക്കോട്: കടപ്പുറത്തെ പെട്ടിക്കടകള്‍ക്ക് ഇനി ആധുനിക രൂപം. ബീച്ചില്‍ നിലവില്‍ ലൈസന്‍സുള്ള 92 കച്ചവടക്കാര്‍ക്ക് ഒരേ രൂപത്തിലുള്ള ആധുനിക പെട്ടിക്കടകള്‍ നല്‍കി ഫ്രീഡം സ്ക്വയറിനോട് ചേര്‍ന്ന 450ലേറെ മീറ്റര്‍ ഭാഗം പ്രത്യേക രീതിയില്‍ രൂപകല്‍പന ചെയ്ത് വെണ്ടിങ് സോണാക്കി മാറ്റുന്നതിനുള്ള 4.08 കോടി രൂപ ചെലവുള്ള വിശദ പദ്ധതിരേഖയാണ് മേയര്‍ ഡോ.ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചത്.
ഓരോ പെട്ടിക്കടക്കും ചെലവുവരുന്ന 1.38 ലക്ഷം രൂപ കേരള ബാങ്ക് വഴി വായ്പയായി കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി. പലിശ ഇളവുകളോടെയാവും വായ്പ. കച്ചവടക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പദ്ധതി തയാറാക്കിയത്.
ഉന്തുവണ്ടിയുടെ ഉള്ളില്‍നിന്ന് കച്ചവടം ചെയ്യാനാവണമെന്നും കടപ്പുറത്തെ ഉപ്പുകാറ്റില്‍ തുരുമ്ബെടുക്കാത്ത കടകള്‍ വേണമെന്നുമുള്ള അവരുടെ ആവശ്യം പരിഗണിച്ചതായി ക്ഷേമകാര്യ സ്ഥിരം സമിത അധ്യക്ഷന്‍ പി. ദിവകാരന്‍ പറഞ്ഞു.
വെള്ളം നല്‍കാന്‍ കോര്‍പറേഷന്റെ ‘തീര്‍ഥം’ പദ്ധതിയില്‍ കടകളില്‍ ശുദ്ധമായ വെള്ളം ഉറപ്പുവരുത്തും. കടകളില്‍ സൗരോര്‍ജ വിളക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പ്രായോഗികമല്ലെന്ന് കണ്ട് വൈദ്യുതി ലഭ്യമാക്കാനാണ് പദ്ധതി.
പാചകം ചെയ്യുന്ന ഭാഗം, കഴുകാനുള്ള ഭാഗം എന്നിവയുള്ള പെട്ടിക്കടയില്‍നിന്ന് വെള്ളം മലിന ജല സംസ്കകരണ പ്ലാന്റ് വഴി ശുദ്ധീകരിച്ചാണ് പുറത്തുവിടുക. ഓരോ കടകള്‍ക്കുമുള്ള നമ്ബര്‍ കച്ചവടക്കാര്‍ക്ക് ഇന്ന നമ്ബറില്‍ ഇന്ന സാധനങ്ങള്‍ കിട്ടുമെന്ന രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാനാവും.
ബീച്ച് റോഡ് നടപ്പാത കഴിഞ്ഞ് കടപ്പുറത്ത് ആറ് മീറ്റര്‍ വീതിയില്‍ ടൈലിട്ട പ്രത്യേക ഭാഗമുണ്ടാക്കി അവിടെയാണ് പെട്ടിക്കടകള്‍ നിശ്ചിത അകലത്തില്‍ സ്ഥാപിക്കുക. ഓരോ ഗ്രൂപ്പായി വെക്കുന്ന കടകള്‍ക്കിടയിലൂടെ ബീച്ചിലേക്ക് തടസ്സമില്ലാതെ പ്രവേശിക്കാനാവും.
ഇതോടെ കടലിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ മുഴുവന്‍ സന്ദര്‍ശകര്‍ക്കുപയോഗിക്കാനാവും. കടലിനോട് ചേര്‍ന്നുള്ള പൂഴിയില്‍ കച്ചവടം അനുവദിക്കില്ല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ഡി.പി.ആര്‍ തയാറാക്കിയ ആര്‍ക്കിടെക്ചര്‍മാരുടെ കൂട്ടായ്മയായ ഡി.എര്‍ത് അവകാശപ്പെട്ടു.
പദ്ധതി നടപ്പാക്കുമ്ബോള്‍ തുറമുഖമടക്കം എല്ലാ വകുപ്പുകളുടെയും അനുമതി ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ കിഡ്സണ്‍ കെട്ടിടം പൊളിക്കാനായി വ്യാപാരികള്‍ക്കുണ്ടാക്കിയ ഷെഡ്ഡ് പോലെ പൊളിച്ചുമാറ്റേണ്ടി വരുമെന്നും എസ്.കെ. അബൂബക്കര്‍ പറഞ്ഞു. 25 കൊല്ലമായുള്ള നഗരത്തിന്റെ ആവശ്യമാണ് യാഥാര്‍ഥ്യമാവുന്നതെന്ന് സി.പി. സുലൈമാന്‍ പറഞ്ഞു.