ദേശീയോദ്യാനത്തിന് പുറത്ത് വേട്ടയാടാൻ ലൈസൻസ് നൽകണം: മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുള്ള ഏക രാജ്യമാണ് ഇന്ത്യയെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. ഇത് യുക്തിരഹിതവും വിവേക ശൂന്യവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും ഗാഡ്ഗിൽ പറഞ്ഞു.
വന്യമൃഗങ്ങൾ നാട്ടിൽ പ്രവേശിക്കുന്നത് മൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാൻ വന്യമൃഗങ്ങളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ വനങ്ങളിൽ നിന്ന് കടുവകളെ മാറ്റുമെന്നും ആനകളുടെ പ്രജനനം തടയാൻ വന്ധ്യംകരണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയോട് യോജിപ്പ് പ്രകടപ്പിച്ച ഗാഡ്ഗിൽ ദേശീയോദ്യാനത്തിന് പുറത്ത് ലൈസൻസ് അനുസരിച്ചുള്ള വേട്ടക്ക് അനുമതി നൽകണമെന്നും പറഞ്ഞു.
പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പകരമായി വന്യമൃഗങ്ങളുടെ ശരീരം അവർക്ക് വിട്ടുകൊടുക്കണം. അമേരിക്കയിലും ആഫ്രിക്കയിലും ബ്രിട്ടനിലും ആളുകൾ വന്യമൃഗങ്ങളെ വേട്ടയാടുന്നു. സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും യുക്തിസഹമായ വേട്ടയാടൽ അനുവദിക്കുന്നു. വന്യമൃഗങ്ങളുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് ശരിയായ ലൈസൻസ് നൽകണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു.