ഇടുക്കിയുടെ അതിര്‍ത്തി ഗ്രാമമായ ശാന്തന്‍പാറ പഞ്ചായത്തില്‍ ഒരാഴ്ചയായി കുടിവെള്ള വിതരണം മുടങ്ങിയതോടെ ദുരിതത്തിലായി മുന്നൂറോളം കുടുംബങ്ങള്‍
ഇടുക്കി : മഞ്ഞുപെയ്യുന്ന മകര മാസത്തില്‍ ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. രാത്രി കാലങ്ങളില്‍ ശക്തമായ തണുപ്പും പകല്‍ കഠിനമായ ചൂടുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. മീനച്ചൂടിന് മുന്‍പേ കുടിവെള്ള ലഭ്യത കുറയുന്നത് ഹൈറേഞ്ച് നിവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.അതിര്‍ത്തി ഗ്രാമമായ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ ലേബര്‍ കോളനിയില്‍ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു. കുടിവെള്ളം കിട്ടാതെ വന്നതോടെ മുന്നൂറോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. പത്ത് വര്‍ഷം മുന്‍പ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ടാങ്ക്മേട് കുടിവെള്ള പദ്ധതിയെയാണ് ഇവിടുത്തെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി കോളനി നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറി.ജല ലഭ്യതക്കുറവും വിതരണത്തിലെ പാളിച്ചയുമാണ് കോളനി നിവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. തോട്ടം തൊഴിലാളികളായ കോളനി നിവാസികള്‍ അമിത വില നല്കി വാഹനത്തില്‍ കുടിവെള്ളം എത്തിക്കുകയാണ്. കുടിവെള്ളത്തിനായി ദിവസേന പണം മുടക്കുവാന്‍ സാധിക്കാതെ വന്നതോടെ ചിലര്‍ രണ്ട് കിലോമീറ്റര്‍ ദൂരം തലച്ചുമടായി വെള്ളം എത്തിച്ചുമാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്.താളം തെറ്റിയ പദ്ധതി പുനഃക്രമീകരിക്കണമെന്നും എല്ലാ വീടുകളിലും കുടിവെള്ളം മുടങ്ങാതെ എത്തിക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.