ആത്മഹത്യ ചെയ്യുമെന്ന് യുവതി; മുൾമുനയിൽ ഇടുക്കി കലക്ടറേറ്റ്

ചെറുതോണി ∙ കയ്യേറ്റക്കാരിയായി ചിത്രീകരിച്ചതിൽ മനംനൊന്ത് ഇടുക്കി കലക്ടറേറ്റിലെത്തി ആത്മഹത്യ ചെയ്യുമെന്ന ആദിവാസി യുവതിയുടെ ഭീഷണിസന്ദേശം അധികൃതരെ വെട്ടിലാക്കി. ചിന്നക്കനാൽ സിങ്കുകണ്ടം 301 കോളനിയിൽ 20 വർഷമായി താമസിക്കുന്ന ഓമന മേഴ്സിയാണു പൊലീസിനെയും അധികൃതരെയും വട്ടംകറക്കിയത്. കോളനിയിൽ ഇവർക്കുള്ളത് ഒരേക്കർ ഭൂമിയാണ്. ഈ ഭൂമിയിൽ ഏലക്കൃഷി ചെയ്താണു കഴിയുന്നത്. എന്നാൽ അഞ്ചേക്കർ സർക്കാർ ഭൂമി കയ്യേറിയെന്ന അധികൃതരുടെ ആരോപണമാണ് ഓമനയെ വിഷമത്തിലാക്കിയത്. കയ്യേറ്റക്കാരിയായി ചിത്രീകരിച്ച് വനംവകുപ്പ് റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം.
താൻ കലക്ടറേറ്റിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഓമന സുഹൃത്തിനു സന്ദേശം അയച്ചു. സുഹൃത്ത് വിവരം പൊലീസിനെ അറിയിച്ചതോടെ ജില്ലാ ആസ്ഥാനത്ത് പൊലീസ് ജാഗ്രതാനിർദേശം നൽകി. ഓമന കലക്ടറേറ്റിൽ എത്തുന്നതിനു മുൻപുതന്നെ ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. ബസുകളിലും മറ്റു വാഹനങ്ങളിലും പരിശോധന തുടർന്നു. എന്നാൽ പരിശോധന നടക്കുന്നതായി മനസ്സിലാക്കിയ ഓമന മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങി ഓട്ടോയിൽ കയറി കലക്ടറേറ്റിൽ എത്തുകയായിരുന്നു. ഇതിനിടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ ഇവരുടെ ടവർ ലൊക്കേഷൻ കണ്ടെത്താനും പൊലീസിനു സാധിക്കാതെയായി. കലക്ടറേറ്റിൽ എത്തിയ ഉടൻ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീടു കലക്ടറുടെ മുന്നിൽ ഹാജരാക്കി. തന്റെ കൈവശമുള്ളത് ഒരേക്കർ ഭൂമി മാത്രമാണെന്ന് ഓമന കലക്ടറെ അറിയിച്ചു. വിഷയം പ്രത്യേകം പരിശോധിക്കാമെന്നു കലക്ടർ ഉറപ്പുനൽകിയതോടെയാണ് ഓമന മടങ്ങിയത്.








































































































































