ഈ നല്ല മനസ്സിന് നിറഞ്ഞ കൈയ്യടി; വീടില്ലാത്തവർക്ക് സ്ഥലം വിട്ട് നൽകി ഏലിക്കുട്ടിയമ്മ
കടുത്തുരുത്തി : തലചായ്ക്കാൻ വീടില്ലാത്ത നിരാലംബർക്കായി 10 സെന്റ് സ്ഥലം വിട്ട് നൽകി കോതാനല്ലൂരിന് സമീപം പുലർകാലയിൽ വീട്ടിൽ ഏലിക്കുട്ടിയമ്മ. നിത്യസഹായകൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൂടാരം ഭവന പദ്ധതിയുടെ ഭാഗമായി അഞ്ചാമത്തെയും ആറാമത്തെയും വീടൊരുങ്ങുന്നത് ഏലിക്കുട്ടിയമ്മയും, മകൻ ജയ്ൻ മാത്യുവും നൽകിയ സ്ഥലത്താണ്. 2 പേർക്കായി 10 സെന്റ് സ്ഥലമാണ് നൽകിയത്.
രണ്ട് പെൺകുട്ടികളുടെ അമ്മയും, ഹൃദ്രോഗിയും, വിധവയുമായ കടുത്തുരുത്തി സ്വദേശിനിക്ക് നൽകിയ 5 സെന്റ് സ്ഥലത്ത് ട്രസ്റ്റ് വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ബാക്കിയുള്ള 5 സെന്റ് സ്ഥലത്ത് അർഹതപ്പെട്ട മറ്റൊരു കുടുംബത്തിനും വീട് നിർമ്മിക്കും.
ഇത് വരെ മൂന്ന് വീടുകൾ വെച്ച് നൽകാൻ അനാഥരേയും, രോഗികളെയും സംരക്ഷിക്കുന്ന ട്രസ്റ്റിന് സാധിച്ചു. നാലാമത്തെ വീടിന്റെ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. സ്ഥലം കൈമാറ്റം ചെയ്തതിന്റെ സമ്മതപത്രം നൽകുന്ന ചടങ്ങിൽ ട്രസ്റ്റ് അധികാരികൾ പങ്കെടുത്തു. ട്രസ്റ്റിന്റെ പ്രസിഡന്റ് അനിൽ ജോസഫ് സമ്മതപത്രം ഏറ്റുവാങ്ങി.