25000 രൂപയ്ക്ക് താഴെ മാസവരുമാനമുള്ള വീടുകളില്‍ കോഴ്‌സുകൾ വിൽക്കില്ലെന്ന് ബൈജൂസ്
ഡൽഹി: എഡ്ടെക് കമ്പനി ബൈജൂസ് വിൽപ്പനയിൽ വലിയ മാറ്റം വരുത്തി. ഇനി മുതൽ ബൈജൂസ് സെയിൽസ് ടീം വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് വിൽപ്പന നടത്തില്ല. ദേശീയ ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. ബൈജൂസിന്‍റെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കമ്മീഷൻ കഴിഞ്ഞ മാസം ബൈജൂസിന് നോട്ടീസ് നൽകിയിരുന്നു.
പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ള വീടുകളിൽ ഇനി കോഴ്സുകൾ വിൽക്കില്ലെന്ന് കമ്പനി ബാലാവകാശ കമ്മിഷനെ അറിയിച്ചു. പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ‘എല്ലാവർക്കും വിദ്യാഭ്യാസം’ പദ്ധതി പ്രകാരം ബൈജൂസ് സൗജന്യ ക്ലാസുകൾ നൽകും.
രക്ഷിതാക്കളെയും കുട്ടികളെയും തെറ്റിദ്ധരിപ്പിച്ചാണ് ബൈജൂസ് ടീമിന് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് ബൈജൂസ് ഒരു പരിഹാരം കണ്ടു. ഇനി മുതൽ ഉപഭോക്താക്കൾക്ക് നാല് ഘട്ടങ്ങളിലായാണ് സേവനങ്ങൾ പരിചയപ്പെടുത്തുക. റീഫണ്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വീഡിയോ കോൺഫറൻസിംഗ് വഴിയായിരിക്കും പറയുക.