ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ രേഖകളുടെ വിതരണം 18ന് രാവിലെ 11 ന് മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ മന്ത്രി രാജന്‍ നിര്‍വ്വഹിക്കും
മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂരഹിതരായ 100 പേര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള തുക അനുവദിച്ചുള്ള അനുമതി പത്രത്തിന്റെയും, നേരത്തെ ഭൂമി വാങ്ങിയ 50 പേര്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ച് കൊണ്ടുള്ള അനുമതി പത്രത്തിന്റെയും പഞ്ചായത്തിലെ പുതിയ ലൈഫ് പദ്ധതിയില്‍ (ലൈഫ് 2020) ഉള്‍പ്പടെ അര്‍ഹരായ 45 ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കുള്ള ഭവന നിര്‍മ്മാണ ധനസഹായ രേഖയും ഇന്ന് രാവിലെ 11ന് മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ വിതരണം ചെയ്യും. അഡ്വ. എ. രാജ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.
മൂന്നാര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂരഹിതമായ കുടുംബങ്ങള്‍ക്ക് സമീപ പഞ്ചായത്തുകളില്‍ സ്ഥലം വാങ്ങുന്നതിനും അവിടെ വീട് വെയ്ക്കുന്നതിനും ധനസഹായം നല്‍കുന്നതിനുമായുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 100 പേര്‍ക്ക് 3 സെന്റ് വീതം സ്ഥലം വാങ്ങി നല്‍കിയിരുന്നു. ലൈഫ് പദ്ധതിയില്‍ ലഭിച്ച അനുമതിയുടെ തുടര്‍ച്ചയായി ഈ വര്‍ഷം ആദ്യ ഘട്ടമായി 100 പേര്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കി. ഇതോടൊപ്പം ഭൂമിയുള്ള ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതിയും പഞ്ചായത്തില്‍ ആരംഭിക്കുകയാണ്.
മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ സ്വാഗതവും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എന്‍. സഹജന്‍ റിപ്പോര്‍ട്ട് അവതരണവും നടത്തും. യോഗത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും