പ്രധാന വാര്‍ത്തകള്‍
കാട്ടുകൊമ്പന് നാട്ടിൽ ഫാൻസ് അസോസിയേഷൻ; ‘പടയപ്പ’യുടെ പേരിൽ വാട്സാപ് കൂട്ടായ്മയും


മൂന്നാർ • കാട്ടുകൊമ്പൻ ‘പടയപ്പ’യുടെ പേരിൽ പുതിയ ഫാൻസ് അസോസിയേഷനും വാട്സാപ് കൂട്ടായ്മയും ഉണ്ടാക്കി ‘ആരാധകർ.’ ‘പടയപ്പ ഫാൻസ് അസോസിയേഷൻ’ എന്ന പേരിലാണ് നൂറിലധികം പേർ അംഗങ്ങളായി ആരാധനക്കൂട്ടായ്മ രൂപീകരിച്ചത്. ഇതേ അംഗങ്ങളെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പും തുടങ്ങി. മാട്ടുപ്പെട്ടി, കുണ്ടള, ഇക്കോ പോയിന്റ് എന്നിവിടങ്ങളിലുള്ള പടയപ്പ പ്രേമികളും സഞ്ചാരികളായെത്തിയ ആനപ്രേമികളുമാണ് അംഗങ്ങൾ.പടയപ്പയുടെ ഓരോ ദിവസത്തെയും യാത്രാവിവരങ്ങളും ചിത്രങ്ങളും വിഡിയോയുമാണ് വാട്സാപ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നത്. അടുത്തകാലത്തായി ആക്രമണ സ്വഭാവം കാണിക്കുന്ന പടയപ്പയെ പിടികൂടി സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റണമെന്നു വ്യാപാരികളടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണു പടയപ്പ പ്രേമികൾ ഒത്തുചേർന്നത്.