ബഫർസോൺ വിഷയം ഇന്ന് സുപ്രീം കോടതിയിൽ; ഇളവ് തേടി കേന്ദ്രവും കേരളവും
ന്യൂഡല്‍ഹി: ബഫർ സോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർ സോണുകൾ നിശ്ചയിച്ച കോടതി വിധിയിൽ കേന്ദ്രവും കേരളവും ഇളവ് തേടും. നിലവിലെ വിധി കരട് വിജ്ഞാപനത്തിന് ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്ഞാപനവും മറ്റുള്ളവയിൽ കരട് വിജ്ഞാപനവുമാണ് നിലവിലുള്ളത്.
ജൂണിലെ വിധി തിരുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അതിനാൽ രണ്ടംഗ ബെഞ്ചിന് വിധി മാറ്റാൻ കഴിയുമോയെന്ന് ഇന്ന് പരിശോധിക്കും.
അതേസമയം, ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ഇന്ന് കളക്ടറേറ്റിൽ യോഗം ചേരും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിക്കുകയും സർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.