വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ തുടക്കമായി
കട്ടപ്പന: കേരള സർക്കാർ
സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ രണ്ടാമത് സെൻ്റർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ ആരംഭിച്ചു.
പ്രായഭേദമെന്യേ സൗജന്യമായി കല പരിശീലിപ്പിക്കുകയും യുവ കലാകാരൻമാരെ ഫെല്ലോഷിപ്പ് നൽകി പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷൃം. നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ ആരംഭിച്ച പുതിയ സെൻ്ററിൻ്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്തംഗം ജിജി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി മനോജ് അധ്യക്ഷത വഹിച്ചു.സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ മാനേജർ ബി.ഉണ്ണികൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി.
ആദ്യ അഡ്മിഷൻ്റെ ഉദ്ഘാടനം ബ്ലോക്ക് ഡെവലപ്പ്മെൻ്റ് ഓഫീസർ ജോസുകുട്ടി മാത്യു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സവിത ബിനു, കെ.ആർ രാജലക്ഷ്മി, ഷൈല വിനോദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.ബിന്ദു, പി.ടി.എ പ്രസിഡൻ്റ് സി.പി ബിനു, മലയാളം അധ്യാപകൻ ജോർജ് ജേക്കബ്, എന്നിവർ സംസാരിച്ചു. കർണാടക സംഗീതം, കഥകളി, ചിത്രരചന, ചെണ്ട, ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ കലാമണ്ഡലം ഹരിത, കലാമണ്ഡലം ശരത്, ടി.ആർ സൂര്യദാസ്, ഡോ.ബോബിൻ.കെ രാജു,സജീഷ് കൃഷ്ണൻ എന്നിവരാണ് അധ്യാപകർ. ഉദ്ഘാടന ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെഡൽ വിതരണവും നടന്നു. പ്രായഭേദമെന്യെ പങ്കെടുക്കാവുന്ന സൗജന്യ കലാ പരിശീലനത്തിൽ താൽപര്യമുള്ളവർ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളുമായി ബന്ധപ്പെടണമെന്ന് സാംസ്കാരിക വകുപ്പ് ജില്ല കോർഡിനേറ്റർ എസ്.സൂര്യലാൽ അറിയിച്ചു.