സായുധ സേനയ്ക്ക് ആയുധങ്ങൾ വാങ്ങുന്നതിനായി 4,276 കോടി രൂപയുടെ കരാറിന് അംഗീകാരം
ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സായുധ സേനയ്ക്ക് ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി 4,276 കോടി രൂപയുടെ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സേനയെ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് മൂന്നു കരാറുകൾക്ക് അനുമതി നൽകിയത്.
മൂന്നിൽ രണ്ടെണ്ണം കരസേനയ്ക്കും ഒരെണ്ണം നാവികസേനയ്ക്കുമാണ്. ഹെലിന ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററിൽ(എഎൽഎച്ച്) ഉൾക്കൊള്ളുന്ന ലോഞ്ചറുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും അനുമതിയുണ്ട്. ശത്രുവിന്‍റെ ഭീഷണിക്കെതിരെ സ്വയം പ്രതിരോധിക്കാൻ എഎൽഎച്ചിനെ പ്രാപ്തമാക്കാൻ ഈ മിസൈൽ അത്യന്താപേക്ഷിതമാണ്.
ഡി.ആർ.ഡി.ഒ വികസിപ്പിക്കുന്ന വിഎസ്എച്ച്ഒആർഎഡി (ഐ.ആർ ഹോമിംഗ്) മിസൈൽ സംവിധാനം വാങ്ങുന്നതിനും അനുമതിയുണ്ട്. വടക്കൻ അതിർത്തികളിലെ പ്രശ്നങ്ങൾ തുടരുന്നതിനാൽ ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ആവശ്യകത അത്യാവശ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.