ഇടുക്കി ജില്ലയെ മുച്ചൂടും മുടിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനെതിരെയാണ് ജനുവരി 13 മുതൽ 23 വരെ ജില്ലയിൽ സമരപദയാത്ര നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു
ഇടുക്കി ജില്ലയെ മുച്ചൂടും മുടിക്കുന്ന ഇടതുപക്ഷ ഗവൺമെന്റിനെതിരെയാണ് ജനുവരി 13 മുതൽ 23 വരെ ജില്ലയിൽ സമരപദയാത്ര നടത്തുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.
ഇടതുപക്ഷ ഗവൺമെൻറ് അധികാരത്തിൽ വന്ന നാൾ മുതൽ ഇന്നുവരെ സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും ഇടുക്കിയിലെ സാധാരണക്കാർക്കും കർഷക ജനങ്ങൾക്കും എതിരാണ്.വന്യജീവി, ദേശിയ ഉദ്യാനങ്ങൾ എന്നിവയുടെ അതിർത്തികളിൽ , ജനവാസ കേന്ദ്രങ്ങളിൽ പൂജ്യം ബഫർസോൺ ആയി പ്രഖ്യാപിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുക, കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുക, വന്യമൃഗങ്ങളിൽ നിന്നും കർഷകന് സംരക്ഷണം നൽകുക, കാർഷിക വിളകളുടെ വിലയിടിവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.പി.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. സമര പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.പദയാത്രയെ അപഹസിക്കുന്ന സി.പി.എം. ജില്ലാ സെക്രട്ടറി സിവി വർഗീസ് 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം എന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.ബഫർസോൺ വിഷയത്തിൽ കഴിഞ്ഞ ജൂൺ മാസം മൂന്നാം തീയതി സുപ്രീംകോടതി വിധി വന്നതിനുശേഷം ഇപ്പോഴത്തെ പ്രശ്നങ്ങൾക്കെല്ലാം കാരണം സുപ്രീം കോടതി വിധിയാണ് എന്നാണ് സിപിഎംൻറെ വ്യാഖ്യാനം. സിപിഎം ഗവൺമെൻറ് 2019 ഒക്ടോബർ മാസം മുപ്പതാം തീയതി പുറത്തിറക്കിയ സർക്കാർ ഉത്തരവിലൂടെ ജനവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കിലോമീറ്റർ ബഫർസോൺ എന്ന് തീരുമാനിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇതുതന്നെയാണ് പിന്നീട് സുപ്രീം കോടതി വിധിയായി വന്നത്. അപ്പോൾ സുപ്രീംകോടതി വിധിക്ക് മുൻപേ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചത് ഇടതുപക്ഷ ഗവൺമെൻറ് അല്ലേ.വിവാദ തീരുമാനമെടുത്ത സംസ്ഥാന ക്യാബിനറ്റിൽ എം എം. മണി വൈദ്യുതി വകുപ്പ് മന്ത്രിയായി ഇരുന്ന് ഇതിനെയെല്ലാം അനുകൂലിച്ചതിന് കാരണം വ്യക്തമാക്കണം
ഇടുക്കി ഉൾപ്പെടെ മലയോരമേഖലയിൽ ജനവാസ മേഖലകളും , കൃഷിസ്ഥലങ്ങളും ബഫർസോണിനുള്ളിൽ വരണമെന്ന് തീരുമാനിക്കുമ്പോൾ, ഇടതുപക്ഷ സർക്കാരിൻറെ പ്രഖ്യാപിതമായ നയമല്ലേ അതിലൂടെ വെളിവായത് എന്നും MP ചോദിച്ചു.
പൂജ്യം മുതൽ 10 കിലോമീറ്റർ വരെ ബഫർസോൺ പരിധി നിശ്ചയിക്കാനായി സംസ്ഥാന ഗവൺമെന്റ് കളെ കേന്ദ്ര ഗവൺമെന്റ് ചുമതലപ്പെടുത്തുന്ന മാർഗ്ഗനിർദ്ദേശമാണ് നിലവിലുള്ളത്. സംസ്ഥാന ഗവൺമെന്റ് കൾക്ക് പൂജ്യവും ഇനി അതല്ല 10 കിലോമീറ്റർ ആണ് വേണ്ടതെങ്കിൽ 10 കിലോമീറ്ററും നിർദ്ദേശിക്കാനുള്ള സർവ്വസ്വാതന്ത്ര്യമുണ്ട്. ഇത് സംസ്ഥാന ഗവൺമെന്റുകളുടെ അധികാരമാണ്. സംസ്ഥാനം നിർദ്ദേശിച്ചാൽ പൂജ്യവും ഇനി അതിൽ കൂടുതൽ നിർദ്ദേശിച്ചാൽ കൂടുതലും വരും. ജനവാസകേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നാണ് യുഡിഫ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഇടത് സർക്കാർ ജനവാസകേന്ദ്രങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കിലോമീറ്റർ ബഫർസോൺ എന്നുള്ള തീരുമാനമാണ് കൈകൊണ്ടത്.ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് വാഗ്ദാനം നൽകിയിട്ട് വാഗ്ദാന ലംഘനത്തിൻറെ മൂന്നാം വാർഷികം ആഘോഷിക്കുകയാണ്. നാളിതുവരെയായി ഭൂവി നിയോഗചട്ടങ്ങൾ ഭേദഗതി ചെയ്യാതെയും എൽ.എ. പട്ടയങ്ങൾ പോലും റദ്ദ്ചെയ്തും നിർമ്മാണനിരോധനത്തിലൂടെയും ജില്ലയിലെ വികസന പ്രവർത്തനങ്ങളെല്ലാം മുരടിപ്പിക്കുകയും, ദേവികളും ബ്ലോക്ക് പഞ്ചായത്തിൻറെ ഡയാലിസിസ് യൂണിറ്റിന് പോലും അനുമതി നൽകാതെ പാവപ്പെട്ട രോഗികളെ കഷ്ടപ്പെടുത്തുന്നതുപോലയുള്ള നടപടികൾക്കും ആരാണ് ഉത്തരവാദി എന്നും MP ചോദിച്ചു.ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട സിപിഎം നേതൃത്വം തെറിക്കുത്തരം മുറിപ്പത്തൽ എന്ന് പറയും പോലെ യു.ഡി.എഫ് പദയാത്രയെ അപഹസിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ തിരുത്തി വിവാദ ഉത്തരവുകൾ പിൻവലിച്ച് ഇടുക്കിയിലെ ജനങ്ങളെ മനുഷ്യരായി കാണണമെന്ന് എം.പി. ചൂണ്ടിക്കാട്ടി.ജനുവരി 13, വൈകിട്ട് 3 ന് കുമളിയിൽ ആരംഭിക്കുന്ന പദയാത്ര എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. ജാഥയിൽ യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ, സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, ജില്ലയിലെ കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, ബഹുജനങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ അണിനിരക്കും. 11 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര 23 – ന് അടിമാലിയിൽ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവ്വഹിക്കും.
വാർത്ത സമ്മേളനത്തിൽ MP യോടൊപ്പം AlCC അംഗം അഡ്വ: EM ആഗസ്തി, UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ എന്നിവരും പങ്കെടുത്തു