ഭക്ഷ്യസുരക്ഷ; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 1,503 കേസുകൾ


തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന വകുപ്പിന്‍റെ നിർദ്ദേശം വർഷങ്ങളായി അവഗണിച്ച് സർക്കാർ. 2015 മുതൽ 1,503 കേസുകൾ ആണ് ആർഡിഒമാർക്കും മജിസ്ട്രേറ്റ് കോടതികൾക്കും മുമ്പാകെ കെട്ടിക്കിടക്കുന്നത്. ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തിയതിനും കടകളിൽ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനും രജിസ്റ്റർ ചെയ്ത കേസുകളാണിവ.
മറ്റ് കേസുകളുടെ കൂട്ടത്തിലാണ് കോടതികൾ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസും പരിഗണിക്കുന്നത്. ഇത് വളരെയധികം കാലതാമസത്തിന് കാരണമാകുന്നുവെന്നും പ്രത്യേക കോടതികൾ സ്ഥാപിച്ചാൽ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവർത്തിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് ഒരു കോടതിയെങ്കിലും സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിച്ചാൽ 5 ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ഭക്ഷണം കഴിച്ചയാൾ മരിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിച്ചാൽ ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കാൻ നിയമമുണ്ട്. ഗുരുതരമായ വീഴ്ച വരുത്തിയവരുടെ ലൈസൻസ് റദ്ദാക്കാൻ ആവശ്യപ്പെടും.