ചൈന ആസൂത്രിതമായി ബുദ്ധമതം തകർക്കാൻ ശ്രമിക്കുന്നു, വിശ്വാസം തകർക്കാൻ കഴിയില്ല: ദലൈലാമ
ഗയ: ചൈന ആസൂത്രിതമായി ബുദ്ധമതത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്നും ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ പദ്മസംഭവ പ്രതിമ തകർത്തതിനെ കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ബോധഗയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ബുദ്ധമതത്തെ നശിപ്പിക്കാൻ സാധ്യമായതെല്ലാം ചൈന ചെയ്തു. എന്നിട്ടും ബുദ്ധമതം അതിന്‍റെ സ്ഥാനത്ത് തുടരുന്നു. ചൈനയിലും ബുദ്ധമതത്തിൽ വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. ആരെയെങ്കിലും ഉപദ്രവിക്കുന്നത് ആരുടെയും മതത്തെ അപകടത്തിലാക്കില്ല. ഇന്നും ചൈനയിലെ ബുദ്ധ അനുയായികൾ ബുദ്ധന്‍റെ മുന്നിൽ പ്രാർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കോവിഡ്-19 ൽ നിന്നും ആണവായുധങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കുന്നതിനായി അദ്ദേഹം കലാചക്ര മൈതാനത്ത് പ്രാർഥന നടത്തി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപയും ബിഹാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയും ദലൈലാമ സംഭാവന ചെയ്തു.