പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി നഗരം ആഘോഷത്തിമിര്‍പ്പിലാണ്

കൊച്ചി: പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി നഗരം ആഘോഷത്തിമിര്‍പ്പിലാണ്.പുതുവത്സര പിറവി ഗംഭീരമാക്കാന്‍ ഹോട്ടലുകളും ക്ലബുകളും ഒരുങ്ങി. പ്രമുഖ ഡി.ജെകളും നാളെ പാര്‍ട്ടികളുമായി രംഗത്തുണ്ട്.
പ്രശ്‌നങ്ങളൊഴിവാക്കാന്‍ പൊലീസും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. നഗരത്തിലും പശ്ചിമകൊച്ചിയിലും വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഇക്കുറി. പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും ഡി.ജെ പാര്‍ട്ടികള്‍. കൊച്ചിയില്‍ പുതുവത്സരം ആഘോഷിക്കാനായി മറു നാട്ടില്‍ നിന്ന് ജനങ്ങള്‍ കൊച്ചിയിലേക്ക് ഒഴുകി തുടങ്ങി. നഗരത്തിലെ പ്രധാന ഹോട്ടലുകളിലെ മുറികള്‍ എല്ലാം ബുക്കിംഗ് പൂര്‍ത്തിയായി. ഫോര്‍ട്ടുകൊച്ചിയിലെ ഒരു ഹോട്ടലുകളിലും മുറികള്‍ ലഭ്യമല്ല. ബിനാലെയും കൊച്ചി കാര്‍ണിവലും ഫോര്‍ട്ടുകൊച്ചിയിലായതിനാല്‍ ഇന്നും നാളെയും ഇവിടേയ്ക്ക് സഞ്ചാരികളുടെയും ആഘോഷക്കാരുടെയും ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫോര്‍ട്ടുകൊച്ചിയുടെ പുതിയ വീഡിയോകളും ഫോട്ടോകളും സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലാണ്. അന്യജില്ലക്കാര്‍ ഏറെ എത്തുന്നുണ്ട്. കൊവിഡിന് ശേഷം വിദേശികളുടെ വരവും ചെറിയ തോതിലുണ്ട്. ബിനാലെയും ഇതിന് കാരണമാണ്. കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി പുതുവര്‍ഷപ്പുലരിക്ക് കത്തിക്കുന്ന ഭീമന്‍ പപ്പാഞ്ഞി റെഡിയായിക്കഴിഞ്ഞു. ഈ പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ ഛായയുണ്ടെന്നത് കഴിഞ്ഞ ദിവസം ചെറിയ സംഘര്‍ഷത്തിന് കാരണമായതിനെ തുടര്‍ന്ന് മുഖം മാറ്റിയെങ്കിലും ഇനിയും പ്രശ്നം പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല.
എങ്ങും പൊലീസ്
പുതുവത്സരാഘോഷം അതിരുവിടാതിരിക്കാനുള്ള സകല തയ്യാറെടുപ്പമായി സിറ്റി പൊലീസ് രംഗത്തുണ്ട്. പശ്ചിമകൊച്ചിയിലേക്ക് ഇന്ന് രാത്രി മുതല്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. പ്രത്യേകം സി.സി ടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ബോട്ടുകളെല്ലാം ഫുള്‍
മറൈന്‍ ഡ്രൈവിലെ ഉല്ലാസ ബോട്ടുകളും തയ്യാറെടുപ്പിലാണ്. ബുക്കിംഗ് നേരത്തേയുള്ളതിനാല്‍ നേരെയെത്തുന്നവര്‍ക്ക് കായല്‍ യാത്ര ആസ്വദിക്കാനാകണമെന്നില്ല. ആഡംബര കപ്പലായ നെഫര്‍ടിറ്റി ക്രൂസിന് ജനുവരി നാല് വരെ ബുക്കിംഗ് ഫുള്ളാണ്. ഇന്നലെ മുതല്‍ തന്നെ ബോട്ടുകളില്‍ സഞ്ചാരികളുടെ തിരക്കാണ്.
ഒരുങ്ങി ക്ലബുകളും ഹോട്ടലുകളും
പുതുവത്സരാഘോഷം കളറാക്കാന്‍ വിവിധ ക്ലബുകളിലെല്ലാം പരിപാടികളുണ്ട്. ബുക്കിംഗുകളും പൂര്‍ത്തിയായി. എറണാകുളം രാമവര്‍മ ക്ലബ്, ലോട്ടസ് ക്ലബ്, ജിംഘാന ക്ലബ് തുടങ്ങിയ ക്ളബുകളില്‍ വലിയ ആഘോഷങ്ങളുണ്ട്. രാമവര്‍മ്മയില്‍ ഇന്ന് വൈകിട്ട് 7.30ന് ആഘോഷങ്ങള്‍ ആരംഭിക്കും. ഗാനമേള, ഡി.ജെ പാര്‍ട്ടി, ഡാന്‍സ്, മിമിക്സ് തുടങ്ങിയവയുണ്ട്. ലോട്ടസിലും ഡി.ജെ പാര്‍ട്ടിയുണ്ട്. ജിംഘാനയില്‍ വിവിധ ഗെയിമുകളും. നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ഡി.ജെ പാര്‍ട്ടികളുണ്ട്.
ക്രിസ്മസിന് മുമ്ബ് തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. വിദേശികളടക്കമുള്ളവരാണ് ബുക്ക് ചെയ്തിട്ടുള്ളവര്‍. കൊച്ചിയില്‍ പുതുവത്സരം ആഘോഷിക്കാന്‍ എത്തുന്നവരും. ഇവിടെ എത്തി കാഴ്ചകള്‍ കണ്ട് മറ്റ് സ്ഥലങ്ങളിലേയ്ക്ക് യാത്ര തിരിക്കുന്നവരുമുണ്ട്