ടൗണിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ടൗണില്‍ പൊടിശല്യം രൂക്ഷമായതോടെ വ്യാപാരികള്‍ ടിപ്പര്‍ ലോറി തടഞ്ഞു

ചെറുതോണി: ടൗണിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം ടൗണില്‍ പൊടിശല്യം രൂക്ഷമായതോടെ വ്യാപാരികള്‍ ടിപ്പര്‍ ലോറി തടഞ്ഞു.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ടിപ്പര്‍ തടഞ്ഞത്. ഒരു മാസമായി മണ്ണെടുക്കുന്ന ജോലികള്‍ തുടര്‍ന്നു വരികയാണ്. ഇതുമൂലം റോഡില്‍ മണ്ണുവീണതിനാല്‍ ടൗണില്‍ വാഹനങ്ങള്‍ പോകുമ്ബോള്‍ രൂക്ഷമായ പൊടിയുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഉയരുന്ന പൊടിപടലം കടകള്‍ക്കുള്ളിലേക്ക് വരുന്നതിനാല്‍ വില്‍പ്പനക്കു വെച്ചിരുന്ന സാധനങ്ങള്‍ നശിച്ചുപോവുകയാണ്. ഇതു സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് നിര്‍മാണം തടഞ്ഞത്. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്‌ഥലത്തെത്തി വ്യാപാരികളുമായുള്ള ചര്‍ച്ചയില്‍ ദിവസം മൂന്നുതവണ റോഡില്‍ വെള്ളമൊഴിച്ച് നനക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഇതനുസരിച്ച് ടൗണില്‍ വെള്ളമൊഴിച്ച് നനക്കാന്‍ തുടങ്ങി.