അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയായി ഒന്നര കോടിയിലധികം ചെലവഴിച്ചിട്ടും പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്നറിയാതെ ബാങ്ക് കെട്ടിടം

നെടുങ്കണ്ടം: അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണയായി ഒന്നര കോടിയിലധികം ചെലവഴിച്ചിട്ടും പ്രവര്‍ത്തനം എന്ന് ആരംഭിക്കുമെന്നറിയാതെ ബാങ്ക് കെട്ടിടം.കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്ത് നെടുങ്കണ്ടം കിഴക്കേ കവലയില്‍ കേരള ബാങ്ക് ശാഖക്ക് വേണ്ടി നിര്‍മിച്ച കെട്ടിടമാണ് നശിക്കുന്നത്. സ്വന്തം സ്ഥലത്ത് നിര്‍മിച്ച കെട്ടിടം അനാഥമായി കിടക്കുമ്ബോള്‍ ഭീമമായ തുക വാടക നല്‍കിയാണ് നിലവില്‍ ബാങ്ക് ശാഖ പ്രവര്‍ത്തിക്കുന്നത്.
2011 ല്‍ 60 ലക്ഷം മുടക്കി നെടുങ്കണ്ടത്ത് പണികഴിപ്പിച്ച കെട്ടിടം ഉദ്ഘാടനം പോലും നടത്താതെ അഞ്ചു വര്‍ഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. ആക്ഷേപവും പരാതിയും രൂക്ഷമായപ്പോള്‍ 2016 ല്‍ വീണ്ടും 90 ലക്ഷം മുടക്കി നവീകരിച്ചു. ആദ്യം നിര്‍മിച്ച കെട്ടിടത്തിന്റെ ഏറിയ ഭാഗവും പൊളിച്ചുനീക്കിയായിരുന്നു നവീകരണം. മുകള്‍ നിലയിലെ ഓഡിറ്റോറിയം നിര്‍മാണത്തിന് മാത്രം 40 ലക്ഷവും കെട്ടിടത്തിന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 24 ലക്ഷവുമാണ് അനുവദിച്ചത്.
നിര്‍മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ പണി നഷ്ടമാണെന്നും കരാര്‍ തുക കൂട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് കരാറുകാരന്‍ ബാങ്ക് അധികൃതരെ സമീപിച്ചു. എന്നാല്‍, ഇത് അംഗീകരിച്ചില്ല. ഇതിനിടെ മഴയില്‍ കെട്ടിടത്തിന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്‍തിട്ട ഇടിഞ്ഞ് ബാങ്ക് കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു.
നെടുങ്കണ്ടത്ത് കേരള ബാങ്കിന് കിഴക്കേ കവലയിലും പടിഞ്ഞാറെ കവലയിലുമായി രണ്ട് ശാഖകള്‍ ഉണ്ട്. കിഴക്കേ കവലയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത കെട്ടിടത്തിലെ പ്രധാന ശാഖ ഇവിടേക്ക് മാറ്റാനാണ് കെട്ടിടം നിര്‍മിച്ചത്. വര്‍ഷങ്ങളായി വെറുതെ കിടക്കുന്ന കെട്ടിടത്തിന്റെ മുന്നിലെ തുറസായ സ്ഥലം, ഇവിടേക്ക് വാഹനങ്ങള്‍ കടക്കാതിരിക്കാന്‍ കഴിഞ്ഞദിവസം കയര്‍ കെട്ടി തിരിച്ചു.