ചെറുതോണി ടൗണിൽ പൊടിപടലം; വ്യാപാരികളും നാട്ടുകാരും ദുരിതത്തിൽ
ചെറുതോണി: ടൗണില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം പൊടിപടലങ്ങള്‍ വായുവില്‍ പടരുന്നതിനാല്‍ സമീപത്തുള്ള വ്യാപാരസ്‌ഥാപനങ്ങള്‍, ഓഫീസുകള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവര്‍ ബുദ്ധിമുട്ടുന്നതായി പരാതി.നാഷ്‌ണല്‍ ഹൈവേയുടെ ഭാഗമായ പാലം പണിയും ചെറുതോണി മെഡിക്കല്‍കോളജ് റോഡ് വീതികൂട്ടിയുള്ള നിര്‍മ്മാണവുമാണ് ഇപ്പോള്‍ നടക്കുന്നത്.
രണ്ടു നിര്‍മാണവും ആരംഭിച്ചതോടെ പ്രദേശത്തുള്ള 10ല്‍ അധികം കടകള്‍ നിര്‍ത്തിപ്പോയി. ബാക്കിയുള്ളവ തുറക്കുന്നുണ്ടെങ്കിലും പൊടിവ്യാപിച്ചതിനാല്‍ ബുദ്ധിമുട്ടുകയാണ്. ഓട്ടോറിക്ഷ തൊഴിലാളികളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഓട്ടോറിക്ഷ യില്‍ യാത്രക്കാരെ കയറ്റാന്‍പറ്റാത്തവിധം പൊടികള്‍ നിറയുകയാണ്. സ്‌റ്റാന്‍ഡില്‍ കിടക്കുന്ന ഓട്ടോറിക്ഷ 10 മിനിറ്റുകഴിയുമ്ബോള്‍ തന്നെ പൊടിനിറയും. പിന്നീട് വൃത്തിയാക്കിയിട്ടേ യാത്രക്കാരെ കയറ്റാന്‍ പറ്റുകയുള്ളൂ. സമീപത്തുള്ള ഓഫീസുകളിലും, വ്യാപാര സ്‌ഥാപനങ്ങളിലും പൊടിമൂലം തുറക്കാന്‍കഴിയാത്ത അവസ്‌ഥയാണ്. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. ടൗണില്‍ നിര്‍മാണം നടത്തുമ്ബോള്‍ സ്വീകരിക്കേണ്ട പ്രതിരോധനടപടികള്‍ സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കു കാരണം.
നിര്‍മാണ സ്‌ഥലത്ത് മറസ്‌ഥാപിക്കുകയും ദിവസം രണ്ടു പ്രാവശ്യമെങ്കിലും റോഡില്‍ വെള്ളം തളിക്കുകയും ചെയ്‌താല്‍ പൊടിശല്യം കുറയുമെന്ന് വ്യാപാരികള്‍ പറയുന്നു. ലോറിയില്‍ മണ്ണുകയറ്റുന്നതിനിടെ റോഡില്‍ വീഴുന്ന മണ്ണില്‍നിന്നാണ് പൊടിവ്യാപിക്കുന്നത്. പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാതെ നിര്‍മാണം നടത്തണമെന്നാണ് നിയമം.
എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മാണം മൂലം വ്യാപാരികളും തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ചെറുതോണി ടൗണില്‍ രൂക്ഷമായ പൊടിശല്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും തൊഴിലാളികളും ആവശ്യപ്പെടുന്നു.