വിനയത്തോടെ വീടുകളിലെത്തണം, ഓരോ വോട്ടും പഠിക്കണം; ലോക്‌സഭയിലേക്കായി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തിക്കാൻ സി.പി.എം തീരുമാനം. ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി. ബൂത്ത് തലത്തിൽ ഓരോ വോട്ടറുടെയും മനസ്സ് മനസിലാക്കുകയും വോട്ട് മറുവശത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇടപെടുകയും വേണം. പാർട്ടിയിൽ നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കണമെന്നും സി.പി.എം നിർദ്ദേശിച്ചു.
വോട്ട് പാഴാകാതിരിക്കാൻ വീടുകൾ സന്ദർശിക്കണം. പാർട്ടി അംഗങ്ങൾക്ക് അവരിൽ ഒരാളായി മാറാൻ കഴിയണമെന്നും നിർദ്ദേശമുണ്ട്. നാല് തലങ്ങളിൽ ക്ലാസുകൾ നടത്തിയാണ് മാർഗനിർദ്ദേശങ്ങൾ പഠിപ്പിക്കുന്നത്. ലോക് സഭാ മണ്ഡലം തല ക്ലാസുകൾ പൂർത്തിയായി. നിയമസഭാ മണ്ഡലം, പ്രാദേശിക, ബൂത്ത് അടിസ്ഥാനത്തിൽ എല്ലാ പാർട്ടി അംഗങ്ങൾക്കും ക്ലാസുകൾ നൽകും.
വീടുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനാലാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കണക്കുകൂട്ടലുകൾ തെറ്റിപ്പോകുന്നതെന്നാണ് സി.പി.എം. വിലയിരുത്തൽ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത് എൽ.ഡി.എഫിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്. അവിടെ പല ദേശങ്ങളില്‍ നിന്നുള്ള താമസക്കാരായതിനാൽ വോട്ടിന്‍റെ ഗതി കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നില്ലെന്നായിരുന്നു താഴേത്തട്ടിലുള്ള യൂണിറ്റുകൾ നൽകിയ വിശദീകരണം.