മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി അണക്കെട്ടില്‍നിന്ന് ജലം എടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു

കുമളി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി അണക്കെട്ടില്‍നിന്ന് ജലം എടുക്കുന്നത് തമിഴ്നാട് നിര്‍ത്തിവെച്ചു.വ്യാഴാഴ്ച വൈകീട്ട് ആറിന് 141.40 അടി ജലമാണ് ഉള്ളത്.മഴയുടെ ശക്തി കുറഞ്ഞതോടെ നീരൊഴുക്ക് സെക്കന്‍ഡില്‍ 664.80 ഘന അടിയായി. ഇതോടെ ജലനിരപ്പ് 142ലെത്താന്‍ സാധ്യത കുറഞ്ഞതാണ് ജലം എടുക്കുന്നത് നിര്‍ത്തിവെക്കാന്‍ കാരണം.കഴിഞ്ഞദിവസം തമിഴ്നാട് എടുക്കുന്ന ജലത്തിന്‍റെ അളവ് സെക്കന്‍ഡില്‍ 511 ഘന അടിയില്‍നിന്ന് 1100 ഘന അടിയാക്കി വര്‍ധിപ്പിച്ചിരുന്നു.എന്നാല്‍, സംസ്ഥാന അതിര്‍ത്തിയിലെ പവര്‍ ഹൗസിലെ തകരാര്‍ കാരണമാണ് ജലം എടുക്കുന്നത് നിര്‍ത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ, മുല്ലപ്പെരിയാര്‍ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ ഡാമില്‍ ജലനിരപ്പ് 66 അടിയായി ഉയര്‍ന്നു.ഇതോടെ, ഈ മേഖലയില്‍ ജലം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് വെള്ളപ്പൊക്ക അപായ മുന്നറിയിപ്പ് നല്‍കി.71 അടിയാണ് വൈഗയുടെ സംഭരണശേഷി. വൈഗയിലേക്ക് സെക്കന്‍ഡില്‍ 2910 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. തേനി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തിപ്പെട്ടതോടെയാണ് നീരൊഴുക്ക് ഇത്രയധികം വര്‍ധിച്ചത്.