രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വനിത സംഗമം

കൊച്ചി: രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ക്കും വിലക്കുകള്‍ക്കുമെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് വനിത സംഗമം.ഓള്‍ ഇന്ത്യാ ലോയേഴേസ് യൂണിയന്‍ (എഐഎല്‍യു) കേരളാ ഹൈക്കോടതി വനിതാ സബ് കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതകളുടെ രാത്രി സംഗമം നാളെ (ഡിസം 16) കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കും. ഡിസ്ട്രിക്റ്റ് ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി (ഡിടിപിസി) സഹകരിച്ച് രാത്രി 8 മുതലാണ് പരിപാടി.വനിതകളായ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍, അഭിഭാഷകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരിയില്‍ നടക്കുന്ന എഐഎല്‍യു സമ്മേളനത്തിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി സഞ്ചാരത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള പ്രമേയം വായിച്ച് പാസ്സാക്കും.നാടന്‍പാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടി എന്നിവയുമുണ്ടാകും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും എന്നതുപോലെ സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീക്കും പുരുഷനും തുല്യമാണെന്നും അതിനു രാത്രിയെന്നോ പകലെന്നോ ഇല്ലെന്നും എഐഎല്‍യു ഹൈക്കോടതി വനിതാ സബ്കമ്മറ്റി വ്യക്തമാക്കി.