തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നു.

തിരുവനന്തപുരം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നു.നാളെ മുതല്‍ (ഡിസംബര്‍ 16) നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം രണ്ടുമാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാനാണ് തീരുമാനം.മഴയില്‍ പൂര്‍ണമായും തകര്‍ന്നുപോയ റോഡിന്റെ ഭാഗങ്ങള്‍ പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പൊലീസ് ഉദ്യോഗസ്ഥരുടെയും നിര്‍ദ്ദേശങ്ങള്‍ യാത്രാ വേളയില്‍ കര്‍ശനമായി പാലിയ്ക്കണമെന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.പൊന്മുടി റോഡിലെ 12ാത്തെ ഹെയര്‍പിന്‍ വളവിനടുത്താണ് ഓഗസ്റ്റ് അഞ്ചിന് കനത്തമഴയില്‍ റോഡ് ഇടിഞ്ഞത്. ഇതോടെ പൊന്മുടിയും തോട്ടം മേഖലയും സര്‍ക്കാര്‍ ഓഫീസുകളും ഒറ്റപ്പെട്ടനിലയിലായി. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം കുടുംബങ്ങള്‍ക്കാണ് പുറംലോകത്തെത്താന്‍ കഴിയാതെയായി. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് റോഡ് പുനര്‍നിര്‍മിക്കാനായത്.പൊന്മുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ അടച്ചതോടെ ആളുകള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനാകാത്ത സ്ഥിതി ഉണ്ടായിരുന്നു. പതിനഞ്ച് കിലോമീറ്റര്‍ കാല്‍നടയായി കല്ലാറിലെത്തി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങി തലച്ചുമടായിട്ടാണ് പൊന്മുടിയിലെത്തിച്ചിരുന്നത്. പൊന്മുടി അടഞ്ഞതോടെ രണ്ട് മാസക്കാലമായി വനംസംരക്ഷണ സമിതിയിലെ 150ലധികം ജീവനക്കാരും ജോലിയില്ലാതെ പട്ടിണിയിലായിരുന്നു.വീണ്ടും തുറക്കുന്നതോടെ പൊന്മുടിയിലെ സീസണ്‍ നഷ്ടപ്പെടില്ലെന്ന ആശ്വാസത്തിലാണ് സഞ്ചാരികളും വിനോദസഞ്ചാര കേന്ദ്രത്തെ ആശ്രയിച്ച് കഴിയുന്നവരും. കോവിഡിനെ തുടര്‍ന്ന് അടഞ്ഞുകിടന്ന പൊന്മുടിയില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും ഡിസംബറിലെ സീസണ്‍ നഷ്ടപ്പെട്ടിരുന്നു.ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കോടമഞ്ഞിന്റെ തണുപ്പുതേടി സഞ്ചാരികള്‍ ഇവിടേക്ക് കൂടുതലായെത്തുന്നത്. പ്രതിവര്‍ഷം 35 ലക്ഷം രൂപ വരെയാണ് പൊന്മുടിലെ സീസണില്‍നിന്ന് വനംവകുപ്പിന് ലഭിക്കുന്നത്.