ഒരു കിലോ മീറ്ററിനുളളില്‍ പല വില;പച്ചക്കറിക്ക് വില റോക്കറ്റ് പോലെ
കുമളി: തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളി ടൗണില്‍ മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി പച്ചക്കറിക്ക് അമിതവില. ഒരു കിലോ മീറ്ററിനുളളില്‍ കിലോയില്‍ പത്തു രൂപവരെയാണ് വ്യത്യാസം. തമിഴ്‌നാട്ടിലെ മധുരൈ, കമ്പം, തേനി ചിന്നമന്നൂര്‍ മാര്‍ക്കറ്റുകളില്‍ നിന്നാണ് കുമളിയില്‍ പച്ചക്കറിയെത്തുന്നത്. തമിഴ്‌നാട്ടില്‍ മിക്ക ഇനം പച്ചക്കറികള്‍ക്കും വില കുറഞ്ഞെങ്കിലും കൂടിയ വിലയില്‍ തന്നെയാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ കച്ചവടം. ടൗണിലെ പച്ചക്കറി സ്ഥാപനങ്ങളില്‍ മൂന്ന് നാലെണ്ണം ഒഴികെ ബാക്കിയുള്ളവ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് നടത്തുന്നത്. ഒരു സ്ഥാപനങ്ങളിലും വില വിവര പട്ടിക ഇല്ല. തോന്നിയ വിലയാണ് വാങ്ങുന്നത്. കമ്പത്ത് തക്കാളി കിലോക്ക് ഏഴു രൂപായുള്ളപ്പോഴും കുമളിയില്‍ ഇരുപതും ഇരുപത്തിയഞ്ചും രൂപയാണ് വില. കോവക്കായുടെ വില കുമളി ഒന്നാംമൈലില്‍ ഇരുപതും കുമളി ടൗണില്‍ മുപ്പതുരൂപയുമാണ് വില. പടവലങ്ങായുടെ വില്‍പനയും ടൗണിലും ഒന്നാം മൈലിലും ഇതേനിരക്കില്‍ തന്നെയാണ്. മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും കിലോയില്‍ പത്തു രൂപയുടെ വ്യത്യാസം. സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല അമിത വില. കൊള്ളലാഭമാണ് പച്ചക്കറി വില്‍പനക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റ കടയില്‍ പോലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. പച്ചക്കറി കടകളിലെ കൊള്ള പേടിച്ച് കമ്പം, ഗുഡല്ലൂര്‍ മാര്‍ക്കറ്റുകളിലാണ് കുമളി പ്രദേശത്ത് നിന്നും ആളുകള്‍ പോയിരുന്നത്. പിന്നീട് ലോക് ഡൗണിന് ശേഷമാണ് പച്ചക്കറി വാങ്ങാന്‍ തമിഴ്‌നാട്ടിലേക്ക് ആളുകള്‍ പോകാതെയായത്. ഇത് മുതലെടുത്താണ് പച്ചക്കറി കച്ചവടക്കാര്‍ കൊള്ളലാഭം കൊയ്യുന്നത്. കുമളി ടൗണില്‍ പച്ചക്കറി കടകളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഈ പ്രദേശങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ല. വ്യാപാര സ്ഥാപനങ്ങളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് വ്യാപാര സംഘടനകള്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. അമിത വില ഈടാക്കുന്നതിനെതിരെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.