കട്ടപ്പന കൊച്ചുതോവാളയിൽ വീട്ടമ്മയുടെ മരണം : തീരാതെ ദുരൂഹത
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്ത് രക്തം കണ്ടെത്തിയിരുന്നെങ്കിലും ഇത് മുറിവില്‍ നിന്നുണ്ടായതല്ലെന്നാണ് നിഗമനം. എന്നാല്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു കിടന്നത് ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്.
കട്ടപ്പന: വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീരാതെ ദുരൂഹത. കൊച്ചുതോവാള എസ്.എന്‍ ജങ്ഷനില്‍ കൊച്ചുപുരയ്ക്കല്‍ ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ(60) യെയാണ് ഇന്നലെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ പുലര്‍ച്ചെ നാലരയ്ക്ക് ഉറക്കം എഴുന്നേറ്റ ജോര്‍ജ് മുകളിലെ നിലയില്‍ നിന്നും താഴത്തെ നിലയിലെത്തിയപ്പോഴാണ് ചിന്നമ്മയെ മുറിക്കുള്ളില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ജോര്‍ജ് ബഹളം വച്ച് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിന്നമ്മയെ കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ കിടന്നിരുന്ന നാല് പവനോളം ആഭരണം നഷ്ടമായിട്ടുണ്ടെന്നും മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
മാലയും വളയുമാണ് കാണാതായത്. എന്നാല്‍ കാതില്‍ കമ്മല്‍ ഉണ്ടായിരുന്നു.
ഇന്നലെ കട്ടപ്പന പോലീസിന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.ഇന്‍ക്വസ്റ്റ് നടപടിയില്‍ ചിന്നമ്മയുടെ മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ കണ്ടെത്തിയിട്ടില്ല.
മുഖത്ത് രക്തം കണ്ടെത്തിയിരുന്നെങ്കിലും ഇത് മുറിവില്‍ നിന്നുണ്ടായതല്ലെന്നാണ് നിഗമനം. എന്നാല്‍ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തുറന്നു കിടന്നത് ദുരൂഹതയ്ക്ക് കാരണമാകുന്നുണ്ട്.
ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിച്ചാണ് ചിന്നമ്മയെ കൊലപ്പെടുത്തിയതെന്ന് കണ്ടത്തിയത്.
ഇതോടെ പ്രതിക്കായി പോലീസ് അന്വഷണം ഊർജിതമാക്കി.ചിന്നമ്മയുടെ സംസ്ക്കാരം നാളെ 12 മണിക്ക് നടക്കും.
Advertisement