കിഫ്ബി മസാല ബോണ്ട്; ഇഡി അന്വേഷണം ചോദ്യം ചെയ്‌ത് നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി അന്വേഷണം ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മസാല ബോണ്ട് വഴി ധനസമാഹരണം നടത്തിയതിൽ ഫെമ ലംഘനം ആരോപിച്ച് കിഫ്ബിക്കെതിരെ ഇഡി കേസെടുത്തിരുന്നു. എന്നാൽ റിസർവ് ബാങ്കിന്‍റെ അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്നും ഫെമ ലംഘനങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക് ഉൾപ്പെടെയുള്ള ഹർജിക്കാർ വാദിച്ചു.
കേസിൽ ആർബിഐ ജനറൽ മാനേജരെ കക്ഷിയാക്കിയ കോടതി, വിശദീകരണം നൽകാൻ നിർദേശം നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുന്നത് ജസ്റ്റിസ് വി ജി അരുൺ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
അതേസമയം വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന് പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ പ്രധാന പരാതി. ഉത്തരവ് നിലനിൽക്കെ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിച്ചുവെന്നും കേന്ദ്രസേനയുടെ സംരക്ഷണമില്ലാതെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.