78ലും താരമാണ് ഈ ജീപ്പ്

തൊടുപുഴ: വെള്ളിത്തിരയുടെ പ്രഭാവെളിച്ചത്തിലേക്ക് ഓടിക്കയറുകയാണ് തൊടുപുഴയില്‍ ഒരു ജീപ്പ്. തൊടുപുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്റെ പ്രിയ വാഹനമായ ഫോര്‍ഡ് നിര്‍മിത മിലിട്ടറി ജീപ്പാണ് സിനിമ താരമായി തൊടുപുഴയില്‍ വിലസുന്നത്. 1944ല്‍ നിര്‍മിക്കപ്പെട്ടതാണ് ഈ വാഹനം. രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാര്‍ക്ക് സഹായകമാകുന്ന, പെട്ടെന്ന് ശത്രുവിന്റെ കണ്ണില്‍പെടാത്തതും ഭാരംകുറഞ്ഞതുമായ ഒരു കരുത്തന്‍ വാഹനം വേണമെന്ന അമേരിക്കയുടെ ആവശ്യം ഏറ്റെടുത്താണ് ഫോര്‍ഡ് ഈ വാഹനം നിര്‍മിച്ചത്. 78 വയസ്സിലെത്തിയെങ്കിലും പഴയ അതേ കരുത്തോടെ കുന്നും മലയും താണ്ടാന്‍ പ്രാപ്തനാണ് വാഹനമെന്ന് രാജീവ് പറയുന്നു. പ്രത്യേക അലങ്കാരപ്പണികളൊന്നും ചെയ്യാതെയാണ് വാഹനം നിലനിര്‍ത്തിയിരിക്കുന്നത്. മെഷീന്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങള്‍ സംരക്ഷിച്ചുവെക്കാനുള്ള സംവിധാനങ്ങളും വാഹനത്തിലുണ്ട്. മൈസൂരു രജിസ്ട്രേഷന്‍ ആയിരുന്ന വാഹനം വര്‍ഷങ്ങള്‍ക്ക് മുമ്ബ് തിരുവനന്തപുരം സ്വദേശിയാണ് വാങ്ങിയത്. കുറേനാള്‍ ഉപയോഗിച്ചശേഷം ഷെഡില്‍ കിടക്കുന്നതിനിടെ 15 വര്‍ഷം മുമ്ബാണ് രാജീവിന്റെ കണ്ണില്‍പെടുന്നത്. അവിടെനിന്ന് വാങ്ങി രാജീവ് ഈ മിലിട്ടറി വാഹനത്തെ കണ്ടീഷനാക്കി എടുത്തു. വാഹനം ചുമ്മാ ഷോയ്ക്ക് മുറ്റത്തിട്ടിരിക്കുകയൊന്നുമല്ല. മൈസൂരു, ബംഗളൂരു, ചെന്നൈ, ഊട്ടി എന്നിങ്ങനെ ലൊക്കേഷനുകളിലാണ് പലപ്പോഴും. മദിരാശിപ്പട്ടണം, ആഗതന്‍ എന്നീ സിനിമകളിലുണ്ട് ഈ ജീപ്പ്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റിലീസാകുന്ന ധനുഷിന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ച് തെങ്കാശിയില്‍നിന്ന് കഴിഞ്ഞദിവസം എത്തിയതേയുള്ളൂ. മാരുതിയുടെ ആദ്യ മോഡല്‍ കാര്‍ മുതല്‍ ഒട്ടേറെ വാഹനങ്ങളും രാജീവിന്റെയും സഹോദരന്‍ വിനോദിന്റെയും ശേഖരത്തിലുണ്ട്.