കോർപറേഷൻ കത്ത് വിവാദം; ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും
തിരുവനന്തപുരം: കോർപ്പറേഷൻ കത്ത് വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വിശദമായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷണം നടത്തും. ഏത് യൂണിറ്റാണ് കേസ് അന്വേഷിക്കേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.
മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിന്‍റെ യഥാർഥ പകർപ്പ് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ നഗരസഭ ഇന്ന് യോഗം ചേരും. പ്രതിപക്ഷ ബഹളത്തെ തുടർന്ന് കഴിഞ്ഞ യോഗം നിർത്തിവയ്ക്കേണ്ടി വന്നു.
















































































































