അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്ന്; അന്തിമ റിപ്പോർട്ട് പുറത്ത്

കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണെന്ന് അന്തിമ റിപ്പോർട്ട്. രാസപരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഏഴിനാണ് അഞ്ജുശ്രീ പാർവതി മരിച്ചത്.
ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിന്റെയും മൊബൈൽ ഫോണിലെ സേർച്ച് ഹിസ്റ്ററിയുടെയും അടിസ്ഥാനത്തിലാണ് അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.







































































































































