പെരുംജീരകം ചവച്ച ഉടന്‍ വെളളം കുടിച്ചാല്‍ മധുരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

മിക്കവാറും എല്ലാ അടുക്കളയിലും പെരുംജീരകം ഉണ്ടാവും. വെളളം തിളപ്പിക്കുമ്പോള്‍ അതിലിട്ട് കുടിക്കാനും കറികളിലും ബിരിയാണിയിലും ഒക്കെയുള്ള ചേരുവയായും ഇത് ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആളുകള്‍ പെരും ജീരകം എടുത്ത് കഴിച്ചുകൊണ്ടാണ് പോകുന്നത് പോലും. പെരും ജീരകം എന്തുകൊണ്ടാണ് ഒരു ഭക്ഷണം എന്ന നിലയില്‍ ഇത്ര പ്രാധാന്യമര്‍ഹിക്കുന്നത്.
ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷ്യവസ്തുവാണ് പെരുംജീരകം. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം വേഗത്തില്‍ നടക്കാനും വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷം വയറു വീര്‍ക്കുന്നത് കുറയ്ക്കാനും പെരുംജീരകം വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീര്‍ വര്‍ദ്ധിപ്പിക്കും. ഇത് ദഹനത്തിന് സഹായിക്കും.
പെരുംജീരകം ചവച്ച ശേഷം വെളളം കുടിക്കുമ്പോള്‍ മധുരിക്കുന്നതിന് കാരണം
പെരുംജീരകം ചവച്ച് കഴിക്കുമ്പോള്‍ നല്ല സുഗന്ധവും രുചിയും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പെരുംജീരകം കഴിച്ച ശേഷം വെള്ളം കുടിച്ച് നോക്കിയിട്ടുണ്ടോ?.അപ്പോള്‍ വെള്ളത്തിന് നല്ല മധുമായിരിക്കും. എന്താണ് അതിന് പിന്നിലെ കാരണം എന്നല്ലേ?.
പെരും ജീരകത്തിന്റെ മധുരത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന അനെത്തോള്‍(Anethol) എന്ന സംയുക്തമാണ്. ഈ സംയുക്തത്തിന് സാധാരണ പഞ്ചസാരയേക്കാള്‍ ഏകദേശം 13 മടങ്ങ് മധുരമുണ്ട്. പെരും ജീരകം ചവയ്ക്കുമ്പോള്‍ ഈ സംയുക്തം വായിലെ ഉമിനീരില്‍ ലയിക്കുകയും നാക്കിലെ രുചിമുകുളങ്ങളെ സജീവമാക്കുകയും ചെയ്യും. അപ്പോള്‍ വെള്ളം കുടിക്കുകയാണെങ്കില്‍ അനെത്തോള്‍ വെളളവുമായി സമ്പര്‍ക്കത്തിലാവുകയും വെള്ളം വായിലെ അനെത്തോള്‍ കണികകളെ ലയിപ്പിക്കുകയും ചെയ്യുന്നു. ഇതിന് മധുരമുള്ള രുചിയുള്ളതിനാല്‍ വെള്ളം കുടിക്കുമ്പോള്‍ സാധാരണയേക്കാള്‍ മധുരം അനുഭവപ്പെടും.







































































































































