ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ട് കിം ജോങ് ഉൻ
സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജാപ്പനീസ് അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചു. ഇതിന് സാക്ഷ്യം വഹിക്കാനാണ് കിം മകളോടൊപ്പം എത്തിയത്. ഉത്തരകൊറിയൻ വാർത്താ ഏജൻസിയാണ് ചിത്രം പുറത്തുവിട്ടതെങ്കിലും കുട്ടിയുടെ പേര് പുറത്തുവിട്ടില്ല.
പിതാവ് കിം ജോങ് ഉന്നിന്‍റെ കൈപിടിച്ച് നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. കിമ്മിന് രണ്ട് പെൺമക്കളും ഒരു മകനും ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, കിമ്മിന്‍റെ ഭാര്യ റി സോൾ ജുവും വെള്ളിയാഴ്ചത്തെ ചടങ്ങിൽ പങ്കെടുത്തതായി ഉത്തരകൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസ് ആസ്ഥാനമായുള്ള സ്റ്റിംസൺ സെന്‍ററിലെ ഉത്തര കൊറിയൻ സബ്ജക്ട് വിദഗ്ദ്ധനായ മൈക്കൽ മാഡൻ, കിം മകളോടൊപ്പം ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയാണെന്ന് പറഞ്ഞു. സെപ്റ്റംബറിൽ നടന്ന ദേശീയ അവധിക്കാല ആഘോഷങ്ങളിൽ കുട്ടികളിൽ ഒരാൾ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.