ശബരിമല തീർത്ഥാടനം:കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു

- ഭക്തർക്ക് സഞ്ചരിക്കാൻ ഇത്തവണയും വൺവെ സംവിധാനം
ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകർക്കായി ഒരുക്കിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പോലീസ് നേതൃത്വത്തിൽ തേക്കടി ബാംബൂ ഗ്രോവിൽ കേരള – തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു.
ശബരിമലയിലേക്കുള്ള പ്രധാന ഇടത്താവളങ്ങളിൽ ക്രമീകരിച്ച മുന്നൊരുക്കങ്ങളെ കുറിച്ച് അടിയന്തര വിലയിരുത്തലുകൾ നടത്തുന്നതിനായാണ് ജില്ല പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തത്. കോവിഡിനു ശേഷം കൂടുതൽ ഭക്തർ എത്തുമെന്ന് കരുതുന്നതിനാൽ ഇത്തവണയും വൺവെ സംവിധാനമാണ് ക്രമീകരിക്കുക. അയ്യപ്പഭക്തരെ കമ്പത്ത് നിന്ന് കമ്പംമെട്ട് വഴി ശബരിമലയിലേയ്ക്ക് തിരിച്ചു വിടും. ശബരിമലയിൽ നിന്ന് തിരികെ ഭക്തർ കുമളി വഴി മടങ്ങും. തീർത്ഥാടകർ പോകേണ്ട റൂട്ട്മാപ്പ് തമിഴ്നാട് പോലീസ് ലഘുലേഖയാക്കി ഭക്തർക്ക് നൽകും. റോഡുകളിലും, കാനന പാതയിലും കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. ഭക്തർക്കായി വിരിപ്പന്തൽ, ശൗചാലയം, കുടിവെള്ളം മറ്റ് സൗകര്യങ്ങൾ എന്നിവ പഞ്ചായത്തുകൾ ഉറപ്പാക്കണം. കൂടുതൽ പാർക്കിങ് സൗകര്യം കണ്ടെത്തണമെന്ന നിർദ്ദേശവും നൽകി. കെ.എസ്.ആർ.ടി.സി. കൂടുതൽ പമ്പ സർവീസുകൾ നടത്തും. ഭക്തർക്കായി അതിർത്തി കേന്ദ്രീകരിച്ച് മെഡിക്കൽ ടീം രൂപീകരിക്കും. വ്യാഴാഴ്ച ആരംഭിക്കുന്ന തീർത്ഥാടനത്തിനുള്ള എല്ലാ ക്രമീകരണവും പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി.
ഡിസംബർ രണ്ടാം തീയതി വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
കുമളി ബാംബു ഗ്രോവിൽ ചേർന്ന യോഗത്തിൽ പീരുമേട് ഡി.വൈ.എസ്.പി. കുര്യാക്കോസ് ജെ., തേനി ജില്ല പോലീസ് മേധാവി പ്രവീൺ ഉമേഷ് ഡോങ്റേ, ഉത്തമപാളയം എ. എസ് .പി . മധുകുമാരി, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.