ഔദ്യോഗിക ഓസ്കാർ എൻട്രി ചിത്രം നിരോധിച്ച് പാകിസ്ഥാൻ

പാക്കിസ്ഥാൻ: സലിം സാദിഖിന്‍റെ നിരൂപക പ്രശംസ നേടിയ ‘ജോയ്ലാൻഡ്’ എന്ന ചിത്രത്തിന് പാകിസ്ഥാൻ വിലക്കേർപ്പെടുത്തി. 2023 ലെ പാകിസ്ഥാന്‍റെ ഔദ്യോഗിക ഓസ്കാർ എൻട്രി കൂടിയാണ് ഈ ചിത്രം. സിനിമയുടെ പ്രമേയം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ച് മാസങ്ങൾക്ക് ശേഷമാണ് അധികൃതരുടെ നീക്കം.
കഴിഞ്ഞ ഓഗസ്റ്റ് 17നാണ് പാക് സർക്കാർ ജോയ്ലാൻഡിന്‍റെ പ്രദർശനത്തിന് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ചിത്രത്തിന്‍റെ ഉള്ളടക്കത്തെച്ചൊല്ലി പ്രതിഷേധം ഉയർന്നത്. അതുകൊണ്ടാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചിത്രം നിരോധിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.
1979 ലെ മോഷൻ പിക്ചർ ഓർഡിനൻസിന്‍റെ സെക്ഷൻ 9 ൽ വ്യക്തമാക്കിയിട്ടുള്ള മാന്യതയുടെയും ധാർമ്മികതയുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നതും സാമൂഹിക മൂല്യങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾക്കും അനുസൃതമല്ലാത്തതുമായ കാര്യങ്ങൾ ചിത്രത്തിൽ ഉൾക്കൊള്ളുന്നുവെന്ന് തങ്ങൾക്ക് രേഖാമൂലമുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.