തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ; 5 ജില്ലകളില്‍ പ്രളയത്തിന് സാധ്യത

ചെന്നൈ: കനത്ത മഴയിൽ തമിഴ്നാടിന്‍റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ചെന്നൈയിൽ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള തമിഴ്നാടിന്‍റെ പല ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച വ്യാപകമായി മഴ ലഭിച്ചു. ചെന്നൈയിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴയിൽ നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
മഴ ശക്തമായതോടെ ചിറ്റിലപക്കം തടാകം കരകവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളായ തമ്പാറം, വേളാച്ചേരി എന്നിവിടങ്ങളിലും വെള്ളം കയറി. തേനി, ഡിണ്ഡിഗല്‍, മധുര, ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തേനിയിലെ വൈഗ ഡാമിൽ നിന്ന് 4.230 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിട്ടത്.തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ 23 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.