കോർപ്പറേഷൻ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി. മേയർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. താൽക്കാലിക നിയമനത്തിനായി പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി നവംബർ 25ന് വീണ്ടും പരിഗണിക്കും.
കോർപ്പറേഷനിലെ മെഡിക്കൽ കോളേജ് വാർഡിലെ മുൻ കൗൺസിലർ ജി.എസ്.ശ്രീകുമാറാണ് ഹർജിക്കാരൻ. മേയറെ കൂടാതെ സി.പി.എം പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനെതിരെയും ഹർജിയിൽ പരാതിയുണ്ട്. ഒഴിവുള്ള തസ്തികകളിലേക്ക് പാർട്ടി അംഗങ്ങളെ നിയമിക്കാൻ ശ്രമിച്ച നടപടി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവുമാണെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
മേയർക്ക് പുറമെ കേസിൽ കക്ഷിചേർക്കപ്പെട്ട മറ്റുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മേയറേയും ഡി.ആര്‍. അനിലിനേയും കൂടാതെ സര്‍ക്കാറിനേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. വിഷയം പരിശോധിച്ചുവരികയാണെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.