ഗ്രാമീണ മേഖലകളിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം: മന്ത്രി റോഷി അഗസ്റ്റിൻ

കാക്കാ സിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
ഇടുക്കിയിലെ ഗ്രാമീണ മേഖലകളിലുണ്ടായ മാറ്റം സമാനതകളില്ലാത്തതാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കൊന്നത്തടി ഗ്രാമ പഞ്ചായത്തിലെ കാക്കാ സിറ്റിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിക്ക് സ്വായത്തമാക്കാൻ കഴിയുമോ എന്ന വിമർശനങ്ങളെ അതിജീവിച്ചതാണ് പല വികസന നേട്ടങ്ങളും. ആരോഗ്യ മേഖലയിലുണ്ടായ മാറ്റം സമാനതകളില്ലാത്തതാണ്. 2500 മുതൽ 3000 ഒപി രോഗികൾ എത്തുന്നുണ്ട് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അവിടെ നൂറിലധികം ഡോക്ടർമാരുണ്ട്. മെഡിക്കൽ വിദ്യാഭ്യാസം രണ്ടാം വർഷത്തിലേക്ക് കടക്കുന്നു. ബി.എസ്.സി നേഴ്സിംഗ് കോഴ്സ് ആരംഭിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് വേണ്ടി കാത്ത് ലാബ് സ്ഥാപിക്കാൻ ആരോഗ്യ വകുപ്പ് തിരഞ്ഞടുത്ത ഒരു ആശുപത്രി ഇടുക്കി മെഡിക്കൽ കോളേജാണ്. ഇതിനായി കെട്ടിടം പണിയുന്നതിനും മറ്റ് നടപടികൾ സ്വീകരിക്കുന്നതിനും 10 കോടി രൂപ ഇടുക്കി പാക്കേജിൽ മാറ്റി വച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അഞ്ചാംമൈൽ-കൊന്നത്തടി ടൗൺ- വിമലാസിറ്റി റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കാൻ അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു. പ്രദേശവാസികൾ സമർപ്പിച്ച നിവേദനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വള്ളക്കടവ് ഭാഗത്തെ കലുങ്ക് നിർമ്മാണത്തിന് ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനോട് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആരാഞ്ഞിട്ടുണ്ടന്നും ഇതിനാവശ്യമായി വരുന്ന തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ശോച്യാവസ്ഥയിലായ കൊന്നത്തടി ക്ഷീരോൽപ്പാദക സംഘത്തിൻ്റെ കെട്ടിടം നവീകരിക്കുന്നതിന് 2 ലക്ഷം രൂപയും മന്ത്രി പ്രഖ്യാപിച്ചു.
എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് കാക്കാസിറ്റിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി പി മൽക്ക അധ്യക്ഷത വഹിച്ചു. കൊന്നത്തടി സഹകരണ ബാങ്ക് പ്രസിഡൻ്റ് പി എം ബേബി, ഹൗസിംഗ് ബോർഡ് അംഗം ഷാജി കാഞ്ഞമല എന്നിവർ പ്രസംഗിച്ചു.









































































