രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശത്തിൽ,വിശദീകരണവുമായി ജോയ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും തന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ജോയ്‌സ്
ഇടുക്കി : രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിൽ പരസ്യമായും ഫേസ് ബുക്കിലൂടെയും ഖേദം പ്രകടിപ്പിച്ച ഇടുക്കി മുൻ എം.പി അഡ്വ.ജോയ്‌സ് ജോർജ് വിശദീകരണവുമായി വീണ്ടും രംഗത്തെത്തി. ഒരിക്കൽപോലും ഉണ്ടാകാത്ത അനുചിതമായ പരാമർശം തന്റെ ഭാഗത്തുനിന്നുമുണ്ടായെന്ന് ബോധ്യമായപ്പോൾതന്നെ നിരുപാധികം പിൻവലിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെന്നും ഒരു സ്ത്രീയെ സംബന്ധിച്ചും വ്യക്തിപരമായ ഒരധിക്ഷേപവും തന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും ജോയ്‌സ് ജോർജ് ഫേസ് ബുക്കിൽ കുറിച്ചു. തന്റെ കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് കീഴിലെ കമന്റുകൾ ഒന്നും നീക്കം ചെയ്തിട്ടില്ല. കോൺഗ്രസ് നേതാക്കന്മാർ തുടങ്ങി പ്രവർത്തകർ വരെയുള്ളവർ അവിടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മാതാവിന്റെയും ഭാര്യയുടെയും ഫോണിലും വാട്സ്ആപ്പിലും മോശമായ സന്ദേശങ്ങൾ വരുന്നുണ്ട്. അനുചിതമായ പരാമർശം തന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതിന്റെ പേരിൽ തന്റെ വൃദ്ധയായ മാതാവും ഭാര്യയും സഹോദരിമാരും സ്ത്രീകൾ അല്ലാതാകുന്നില്ലെന്നും സ്ത്രീകൾ എന്ന നിലയിൽ ലഭിക്കേണ്ട പരീരക്ഷയ്ക്ക് അർഹരല്ലാതാവുന്നുമില്ലെന്നും ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയും സാമൂഹിക ഘടകങ്ങളും സാമ്പത്തിക അടിത്തറയും ഇല്ലാതാക്കുന്ന മോദി ഗവൺമെന്റിന്റെ നിലപാടുകളെ സംബന്ധിച്ച് സംസാരിക്കാൻ വിമുഖത കാണിക്കുകയും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിലെ രാഷ്ട്രീയ അപക്വത ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതാണെന്നാണ് എന്റെ നിലപാട്. ബദൽ സാമ്പത്തിക നയത്തിലധിഷ്ഠിതമായി നടപ്പിലാക്കിയ ജനോപകാരപ്രദമായ ക്ഷേമപദ്ധതികളും സർവതലസ്പർശിയായ വികസനപദ്ധതികളും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റെ നേട്ടമാണ്. മതനിരപേക്ഷതയിൽ ഉറച്ചുനിന്നുകൊണ്ട് മുഴുവൻ ജനവിഭാഗങ്ങളുടെയും താല്പര്യം സംരക്ഷിക്കുകയും മതസ്പർദ്ധ ഇല്ലാതെ കേരളത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു എൽ.ഡി.എഫ് ഗവൺമെന്റ്. ഇതു സംബന്ധിക്കുന്ന ഗൗരവമുള്ള രാഷ്ട്രീയ ചർച്ചകളും സംവാദങ്ങളും നടക്കുക തന്നെ വേണമെന്നും ജോയ്‌സിന്റെ കുറിപ്പിൽ പറയുന്നു.