വിജയകാഹളമുയർത്തി റോഷി;ജനനിബിഡമായി കട്ടപ്പന
കട്ടപ്പന: വിജയകാഹളമുയർത്തി ജനമൊഴുകിയെത്തിയപ്പോൾ കട്ടപ്പന ടൗൺ ജനമുന്നേറ്റത്തിന്റെ നേർസാക്ഷ്യമായി. ഓരോ കേന്ദ്രങ്ങളിലും ഇടുക്കി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി റോഷി അഗസ്റ്റിന് ലഭിച്ച ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. റോഷി അഗസ്റ്റിന്റെ കട്ടപ്പന നഗരസഭയിലെ പൊതുപര്യടനം നഗരവീഥികൾക്ക് ഉണർ വേകിയാണ് കടന്നുപോയത്. ഓരോ സ്വീകരണ വേദിയിലും തൊഴിലാളികളും കർഷകരും കൃഷിക്കാരും സ്‌ത്രീകളും കുട്ടികളും തുടങ്ങി സമൂഹത്തിന്റെ പരിച്ഛേദംന്നെയാണ് പ്രിയ നേതാവിനെ സ്വീകരിക്കാനെത്തിയത്. രാവിലെ വാഴവര കൗന്തിയിലായിരുന്നു ആദ്യ സ്വീകരണകേന്ദ്രം. കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് വൈസ് പ്രസിഡന്റ് ലൂയിസ് വേഴമ്പത്തോട്ടം കോൺഗ്രസിൽനിന്ന് രജിവെച്ച് റോഷിയെ സ്വീകരിക്കാനെത്തി. ഓരോ സ്വീകരണകേന്ദ്രത്തിലേക്കും ബൈക്ക് റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്. സ്വീകരണകേന്ദ്രങ്ങളിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്നും രാജിവച്ചും റോഷി അഗസ്റ്റിന് പിന്തുണയുമായെത്തി.കട്ടപ്പന നഗരസഭയിൽ നടപ്പാക്കിയ ഓരോ വികസനപ്രവർത്തനങ്ങളും എണ്ണിയെണ്ണി പറഞ്ഞായിരുന്നു പര്യടനം. നഗരസഭയിലെ മുക്കിലും മൂലയിലും വികസനമെത്തിക്കാൻ കഴിഞ്ഞതായും റോഷി പറഞ്ഞു. സ്വീകരണകേന്ദ്രത്തിൽ എത്താൻ കഴിയാത്തവർ വഴിനീളെ സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിച്ചു.വൈകിട്ട് ഐ.ടി.ഐ ജങ്‌ഷനിൽനിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് ടൗണിൽ പ്രവേശിപ്പിച്ചത്. ടൗണിൽ എത്തിയതോടെ എൽ.ഡി.എഫ് പ്രകടനത്തിന് പിന്നിൽ ആയിരങ്ങൾ പങ്കാളികളായി. കൊച്ചുകുട്ടികളും സ്ത്രീകളടക്കമുള്ളവർ പ്രിയ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും പതിച്ച പ്ലാക്കാർഡുമായി അണിനിരന്നു. ടൗൺ ചുറ്റി പ്രകടനം സെൻട്രൽ ജങ്ഷനിൽ എത്തിയപ്പോൾ അണമുറിഞ്ഞ ജനപ്രവാഹമായി മാറി. നൂറ്കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ സ്ഥാനാർഥി റോഡ് ഷോയായി എത്തിയതോടെ പ്രവർത്തകർ ആവേശക്കൊടുമുടിയിലെത്തി. സ്ഥാനാർഥിക്ക് അഭിവാദ്യമർപ്പിച്ചും മുദ്രാവക്യം മുഴക്കിയും എൽ.ഡി.എഫ് പ്രവർത്തകർ വഴിയരികിലും നിലയുറപ്പിച്ചുച്ചിരുന്നു.