കരുണാപുരത്ത് ഉപതെരഞ്ഞെടുപ്പ് ചൂട്


നെടുങ്കണ്ടം: നവംബര്‍ ഒമ്ബതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കരുണാപുരത്ത് വീറും വാശിയുമേറി. 16-ാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും കടുത്ത പ്രചാരണത്തിലേക്ക്.
എല്‍.ഡി.എഫിന്റെ സിറ്റിങ്ങ് വാര്‍ഡില്‍ സി.പി.എം പ്രതിനിധി പി.ഡി. പ്രദീപാണ് സ്‌ഥാനാര്‍ഥി, യു.ഡി.എഫിനുവേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവായ പി.എസ്. അരുണ്‍ മത്സരിക്കുമ്ബോള്‍ എന്‍.ഡി.എയ്‌ക്ക് വേണ്ടി ബി.ജെ.പിയിലെ പി.റ്റി. പ്രസാദാണ് ജനവിധി തേടുന്നത്. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയാണ് പങ്കുവയ്‌ക്കുന്നത്. യു.ഡി.എഫ് പ്രചരണത്തിന് ആവേശം പകര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രമ്യ ഹരിദാസ് എം.പി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച രമ്യ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമാക്കിയ സി.പി.എമ്മിന്റെ കപടമുഖം ജനം തിരിച്ചറിയണമെന്നും കരുണാപുരത്തെ ജനകീയ ഭരണത്തിന് പിന്തുണ നല്‍കണമെന്നും പറഞ്ഞു.
സദസിനെ കയ്യിലെടുത്ത് വിവിധ ഗാനങ്ങളും ആലപിച്ചതോടെ രമ്യ താരമായി. നേതാക്കളും പ്രവര്‍ത്തകരും താളമിട്ടതോടെ രമ്യയും കസറി. മണ്ഡലം പ്രസിഡന്റ് മിനി പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു. സ്‌ഥാനാര്‍ഥി പി.എസ്. അരുണ്‍, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, എം.എന്‍. ഗോപി, സി.എസ്. യശോധരന്‍, കെ.എസ്. അരുണ്‍, ഷൈജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കരുണാപുരം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യാന്‍ യു.ഡി.എഫ് രമ്യ ഹരിദാസ് എം.പിയെ ഇറക്കിയപ്പോള്‍ എല്‍.ഡി.എഫ് സ്‌ഥലം എം.എല്‍.എ കൂടിയായ എം.എം. മണിയെത്തന്നെ രംഗത്തിറക്കി.
താന്‍ മന്ത്രിയായപ്പോഴും ഇപ്പോഴും ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് എല്‍.ഡി.എഫ് വിജയം അനിവാര്യമെന്ന് മണി പറഞ്ഞു. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.കെ. സഹദേവന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ജി. ഓമനകുട്ടന്‍, സ്‌ഥാനാര്‍ഥി പി.ഡി. പ്രദീപ്, നേതാക്കളായ പി.എന്‍. വിജയന്‍, ടി.എം. ജോണ്‍, വി.സി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. അതേസമയം കഴിഞ്ഞ തവണ മത്സരിച്ച സ്‌ഥാനാര്‍ഥിയായതിനാല്‍ പ്രചരണം കൂടുതല്‍ കൊഴുപ്പിക്കാതെ വോട്ടര്‍മാരെ നേരില്‍ കാണാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.