പ്രധാന വാര്‍ത്തകള്‍
ആറന്മുള ഉത്രട്ടാതി ജലമേള വിജയികളുടെ ട്രോഫികൾ തിരികെ വാങ്ങാൻ തീരുമാനം
പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചെടുക്കും. ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനത്തെത്തിയ കുറിയന്നൂരിന്റെയും ട്രോഫി തിരിച്ചു വാങ്ങാനാണ് തീരുമാനം.
മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ട് വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വള്ളങ്ങൾ പുറത്തുനിന്ന് കൂലിക്ക് ആളെ ഇറക്കി തുഴയിച്ചതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന്‍റെ തീരുമാനം പൊതുയോഗം അംഗീകരിച്ചു.
പള്ളിയോടം സേവാസംഘം എക്സിക്യൂട്ടീവ് അംഗം ശരത് പുന്നത്തോട്ടം, ട്രഷറർ സഞ്ജീവ് കുമാർ എന്നിവരെ രണ്ട് വർഷത്തേക്ക് വിലക്കാനും യോഗം തീരുമാനിച്ചു. അടുത്ത രണ്ട് വർഷത്തേക്ക് നിരോധിച്ച പള്ളിയോടങ്ങൾ വള്ളസദ്യയ്ക്ക് ബുക്കിംഗ് എടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.