മാഗ്നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്
ചെന്നൈ: ഇന്ത്യയുടെ കൗമാരതാരം ഡി.ഗുകേഷ് ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ തോൽപ്പിച്ചു. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് മാഗ്നസ് കാൾസനെ തോൽപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ 16 വയസും നാല് മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ്, കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്ത്തിയ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്. “മാഗ്നസ് കാൾസനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ്, പക്ഷേ മത്സരം പ്രതീക്ഷിച്ചത്ര മികച്ചതല്ലായിരുന്നു”, ഗുകേഷ് പറഞ്ഞു.
കാൾസനെതിരായ മത്സരത്തിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, ഓരോ എതിരാളിക്കെതിരെയും എങ്ങനെ കളിക്കാമെന്ന് പരിശീലകൻ വിഷ്ണു പ്രസന്നയുമായി ചേർന്ന് താൻ ഒരു പ്രത്യേക തന്ത്രം തയ്യാറാക്കിയിട്ടുണ്ടെന്നും കാൾസണനെതിരെ അത് ഉണ്ടായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.