തങ്കമണിയിൽ വീട് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആഭിചാരക്രിയകളും മൃഗബലയും നടക്കുന്നതായി പരാതി
വീട് കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ ആഭിചാരക്രിയകളും മൃഗബലയും നടക്കുന്നതായി പരാതി. തങ്കമണി . യുദാഗിരി ഭാഗത്തുള്ള ഒരു വീട് കേന്ദ്രീകരിച്ചാണ് ആഭിചാരക്രിയകളും മൃഗബലിയും നടക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. പത്തു വർഷമായി യുദാഗിരി ഭാഗത്ത് താമസക്കാരനായ വ്യക്തിയാണ് സ്വന്തം വീട്ടിൽ നിത്യേന മൃഗബലിയും ആഭിചാരക്രിയകളും നടത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട ഇയാൾക്കെതിരേ നാട്ടുകാർ പള്ളിയിലും തങ്കമണി പോലീസിലും കാമാക്ഷി പഞ്ചായത്തിലും പരാതിനൽകിയിരുന്നു.തുടർന്ന് ഇയാളെ പള്ളിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്. എന്നാൽ ഇയാളുടെ വീട്ടിൽ ഇങ്ങനെ ഒരു കാര്യം നടക്കുന്നതായി തങ്ങൾക്കറിയില്ലെന്നും പരാതി ലഭിച്ചില്ലെന്നുമാണ് തങ്കമണി പോലീസ് പറയുന്നത്. പോലീസിന്റെ മൂക്കിനു താഴെ നാട്ടുകാരെ വെല്ലുവിളിച്ച് ആഭിചാര ക്രിയകളും മൃഗബലിയും തടസമില്ലാതെ ഇപ്പോഴും തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പരാതി നല്കിയവർക്കെതിരേ മന്ത്രവാദിവധഭീഷണി മുഴക്കിയതായും ജനങ്ങൾ പറയുന്നു.
രാത്രികാലങ്ങളിൽ വിദൂര സ്ഥലങ്ങളിൽനിന്നും വാഹനങ്ങളിലെത്തുന്നവരാണ് മന്ത്ര വാദത്തിലും കുരുതിയിലും പങ്കെടുക്കുന്നത്. ആഭിചാര കർമങ്ങളുടെ പേരിലെത്തുന്നവർ ജനങ്ങൾക്ക് ശല്യമായതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. മൃഗബലിക്കൊപ്പം നരബലിക്കുള്ള സാധ്യതയും നാട്ടുകാർ ഭയക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നവരെ നേരിടാൻ ഇയാൾ ഗുണ്ടകളെയും ഏർപ്പെടുത്തിയിട്ടുള്ളതിനാൽ പ്രത്യക്ഷത്തിൽ ഇയാൾക്കെതിരേ രംഗത്തുവരാൻ ആരും തയാറല്ല. സംഭവത്തിൽ തങ്കമണി പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.