സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടല്‍പ്പാലം തുറന്നു


റിയാദ്: സൗദിയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ‘ശൂറ’ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ്. ചെങ്കടൽ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റർ നീളമുണ്ട്.
റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലം നിർമ്മിച്ചത്. ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകൾ, കടലിനോട് ചേർന്ന് നടക്കാൻ കഴിയുന്ന കാൽനട നടപ്പാതകൾ എന്നിവയുമുണ്ട്. ശൂറാ ദ്വീപിൽ 16 ഹോട്ടലുകൾ നിർമ്മിക്കാനാണ് പദ്ധതി. ചെങ്കടലിലെ 92 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ചെങ്കടൽ ടൂറിസം പദ്ധതി.
2017 ജൂലൈ 31 നാണ് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഉംലജ്, അല്‍വജ്അ് പ്രദേശങ്ങൾക്കിടയിലുള്ള 90 ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. ദ്വീപിലെ ആദ്യ ഹോട്ടൽ ഈ വർഷം അവസാനത്തോടെ തുറന്നേക്കും. ആദ്യഘട്ടത്തിലെ 16 ഹോട്ടലുകളിൽ 11 എണ്ണം അടുത്ത വർഷം അവസാനത്തോടെയും തുറക്കും.