രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്ബനികള്‍ക്കായി 22,000 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാർ


ന്യുഡൽഹി :പാചകവാതക വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിന് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്‍ഡായി മൂന്ന് പൊതുമേഖല എണ്ണ വിതരണ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കും.കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവില്‍ പാചകവാതക വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് എണ്ണ കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുന്നതെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നി പൊതുമേഖല കമ്ബനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്‍ഡായി 22000 കോടി രൂപ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.
2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ യഥാര്‍ഥ ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് പാചകവാതകം വിറ്റതിനാണ് സഹായധനം. സര്‍ക്കാരിന്റെ നിയന്ത്രണത്തെ തുടര്‍ന്നാണ് കുറഞ്ഞ വിലയ്ക്ക് കമ്ബനികള്‍ പാചകവാതകം വിറ്റത്.ഇക്കാലയളവില്‍ രാജ്യാന്തര വിപണിയില്‍ പാചകവാതക വില 300 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ ആഭ്യന്തര വിപണിയില്‍ 72 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് വരുത്തിയത്. ഉപഭോക്താക്കളെ ബാധിക്കാതിരിക്കാന്‍ കുറഞ്ഞ വിലയ്ക്ക് തന്നെ പാചകവാതകം വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.