ദേശീയ ഗെയിംസ്; ടേബിള്‍ ടെന്നിസില്‍ മുന്നേറി ബംഗാളും ഗുജറാത്തും


സൂറത്ത്: 36-ാമത് ദേശീയ ഗെയിംസ് ടേബിൾ ടെന്നീസിൽ പശ്ചിമ ബംഗാളും ആതിഥേയരായ ഗുജറാത്തും ആധിപത്യം പുലർത്തി. ഏഴ് സ്വർണത്തിൽ നാലെണ്ണം ബംഗാളും മൂന്നെണ്ണം ഗുജറാത്തും നേടി. നാല് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ബംഗാളിനുള്ളത്. മൂന്ന് സ്വർണവും മൂന്ന് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഗുജറാത്ത് നേടിയത്. രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകളുമായി തെലങ്കാന മൂന്നാം സ്ഥാനത്തെത്തി.
ഗെയിംസിൽ ഗുജറാത്തിന്‍റെ ഹർമീത് രാജുല്‍ ദേശായി ഗെയിംസിലെ ആദ്യ വ്യക്തിഗത സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ ടേബിൾ ടെന്നീസ് സിംഗിള്‍സിലാണ് ഹർമീത് സ്വർണം നേടിയത്. ഏകപക്ഷീയമായ ഫൈനലില്‍ ഹരിയാനയുടെ സൗമ്യജിത്ത് ഘോഷിനെയാണ് ഹർമീത് പരാജയപ്പെടുത്തിയത്. ഹർമീത് 4-0, 11-8, 11-4, 11-7, 11-8 എന്ന സ്കോറിനാണ് വിജയിച്ചത്. സെമിയിൽ ഹർമീത് ടോപ് സീഡ് സത്തിയന്‍ ജ്ഞാനശേഖരനെയും (4-2) സൗമ്യജിത്ത് മനുഷ് ഉത്പൽ ഷായെയും (4-1) പരാജയപ്പെടുത്തി.
10 തവണ ദേശീയ ചാമ്പ്യനായ അജന്ത ശരത് കമൽ പരിക്കിനെ തുടർന്ന് നാലാം റൗണ്ടിൽ പിൻമാറിയതോടെയാണ് സൗമ്യജിത്ത് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ സെറ്റ് കൈവിട്ട ശരത്ത് അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചുവന്നെങ്കിലും നാലാം സെറ്റിൽ 6-1ന് ലീഡ് ചെയ്യുന്നതിനിടെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പിന്‍വാങ്ങുകയായിരുന്നു.