രണ്ട് ദിവസത്തിനിടെ ജില്ലയില് മുങ്ങി മരിച്ചത് നാലുപേര്.
തൊടുപുഴ: രണ്ട് ദിവസത്തിനിടെ ജില്ലയില് മുങ്ങി മരിച്ചത് നാലുപേര്. ശനിയാഴ്ച വൈകീട്ടോടെ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കള് ഇടുക്കി മലങ്കര ജലാശയത്തിലും വെള്ളിയാഴ്ച വൈകീട്ട് ചെറുതോണിക്ക് സമീപം കാമാക്ഷിയില് പാറക്കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളുമാണ് ഏറ്റവുമൊടുവില് മരിച്ചത്.
ജനുവരി ഒന്നു മുതല് സെപ്റ്റംബര് 17 വരെ 23 പേരാണ് ജില്ലയിലെ വിവിധയിടങ്ങളില് മുങ്ങി മരിച്ചത്. നാലു വയസ്സുള്ള കുട്ടി മുതല് 70 വയസ്സു വരെയുള്ളവര് ഇക്കൂട്ടത്തില് ഉണ്ട്.
ചെക്ക്ഡാം, കുളങ്ങള്, അണക്കെട്ടുകള്, പുഴകള് എന്നിവിടങ്ങളിലാണ് കൂടുതല് മരണങ്ങളും സംഭവിച്ചിട്ടുള്ളത്. ജലാശയങ്ങളെക്കുറിച്ച് ധാരണയില്ലാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്പെടുന്നവരില് ഏറെയും. ഇതില് നീന്തല് അറിയുന്നവരും അറിയാത്തവരും ഉണ്ട്. ഒറ്റക്കാഴ്ചയില് മനോഹരവും ശാന്തമെന്നും തോന്നുമെങ്കിലും അപകടങ്ങള് പതിയിരിക്കുന്ന നിരവധി ജലാശയങ്ങളാണ് ജില്ലയിലുള്ളത്. നീന്തല് അറിയാവുന്നവര്പോലും ഇവിടെ അപകടങ്ങളില്പെട്ട് മരിക്കുന്ന സാഹചര്യമാണുള്ളത്. മലയോര മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികള് ഉള്പ്പെടെയുള്ളവരും അപകടത്തിനിരയാകുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാന് പ്രധാന ജലാശയങ്ങളിലും മറ്റും സുരക്ഷാ ക്രമീകരണങ്ങള് ഉറപ്പുവരുത്തണമെന്ന ആവശ്യവും ശക്തമാണ്. അണക്കെട്ടുകള്ക്ക് സമീപം ചൂണ്ടയിടാന് ഇറങ്ങിയവരും പുഴയില് കുളിക്കുന്നതിനിടെ കാല്വഴുതി ഒഴുക്കില്പെട്ട് മരിച്ചവരും ഉണ്ട്.
അപകടം പതിയിരിക്കുന്ന മലങ്കര ജലാശയം
കാഞ്ഞാര്: കാണാന് അതിമനോഹരമെങ്കിലും മലങ്കര ജലാശയത്തില് പൊലിഞ്ഞത് നിരവധി ജീവനാണ്. മൂലമറ്റം മുതല് മുട്ടം വരെ 12 കിലോമീറ്റര് പരന്നുകിടക്കുന്ന ജലാശയം ഏവരുടെയും മനംകവരുമെങ്കിലും അതുപോലെതന്നെ അപകടം നിറഞ്ഞതാണ്. ചുരുങ്ങിയ കാലത്തിനുള്ളില് നിരവധി ജീവനാണ് അധികൃതരുടെ അനാസ്ഥമൂലം ഹോമിക്കപ്പെട്ടത്. കാഞ്ഞാര്, മുട്ടം പ്രദേശങ്ങളിലാണ് കൂടുതലായും അപകടം സംഭവിക്കുന്നത്.
ജലാശയത്തില് മരിച്ചവരില് കൂടുതലും യുവാക്കളാണ്. ഈ പ്രദേശങ്ങളില് അടിയൊഴുക്ക് ശക്തമാണ്. അടിയൊഴുക്കില്പെട്ടാല് ആളെ രക്ഷിക്കല് ഏറെ പ്രയാസകരവുമാണ്. ഒരു മുന്നറിയിപ്പ് ബോര്ഡും ഇവിടെയില്ല.
കാഞ്ഞാറിലെ വാട്ടര്ഷെഡ് തീം പാര്ക്കിന് സമീപം നിരവധി വിനോദസഞ്ചാരികളാണ് വിശ്രമിക്കാന് സമയം ചെലവഴിക്കുന്നത്. വിശ്രമിച്ച ശേഷം പരന്നു കിടക്കുന്ന ജലാശയത്തില് കുളിക്കാന് ഇറങ്ങുമ്ബോഴാണ് അപകടം സംഭവിക്കുന്നത്. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്.
ഇതിന്റെ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. ഇത് അറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തില്പെടുന്നത്. ജലാശയത്തിന്റെ അപകട വിവരമങ്ങള് അടങ്ങിയ സൂചന ബോഡുകള് സ്ഥാപിക്കണമെന്ന് ജനങ്ങള് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല.
കാഞ്ഞാറില് വിവാഹത്തിന് എത്തിയ രണ്ട് യുവാക്കള് ശനിയാഴ്ച മുങ്ങി മരിച്ചതാണ് അവസാന സംഭവം. 2016ല് ഏപ്രില്, ഡിസംബര് മാസങ്ങളിലായി രണ്ട് ജീവന് പൊലിഞ്ഞിരുന്നു. അതിന് മുമ്ബ് എഫ്.എ.സി.ടി ജീവനക്കാരന് ഇതേ രീതിയില് കുളിക്കാന് ഇറങ്ങി ഒഴുക്കില്പെട്ട് മരിച്ചിരുന്നു. സെപ്റ്റംബറില് ജലനിധി ജോലിക്ക് എത്തിയ യുവാവും അപകടത്തില്പെട്ട് മരിച്ചിരുന്നു. ചീനിക്കുഴി ബൗണ്ടറിക്കു സമീപം കട്ടയ്ക്കല് ജോണിന്റെ മകന് മോബിനാണ് (19) അന്ന് മുങ്ങി മരിച്ചത്. അറക്കുളം ആശുപത്രിപ്പടിയിലെ കുളിക്കടവില് സുഹൃത്തുക്കളോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു മോബിന്. നീന്തല് വശമുണ്ടായിരുന്നെങ്കിലും കയത്തില് അകപ്പെടുകയായിരുന്നു.
വര്ഷങ്ങള്ക്ക് മുമ്ബ് മുട്ടം ഡാമിന് സമീപത്തും ഇതേ രീതിയില് മുങ്ങി മരണം സംഭവിച്ചിരുന്നു. മുട്ടം എന്ജിനീയറിങ് കോളജ് വിദ്യാര്ഥിയായ അശ്വിനാണ് അന്ന് മുങ്ങി മരിച്ചത്.
മുങ്ങിയെടുത്തത് നാട്ടുകാര്
കാഞ്ഞാര്: മലങ്കര ജലാശയത്തില് മുങ്ങിമരിച്ച യുവാക്കളെ കരക്ക് എത്തിച്ചത് നാട്ടുകാര്. കാഞ്ഞാറുകാരായ അജ്മല്, റാഫി, അനില്, ഇബ്രാഹീം, ഷാലു, അമീര് എന്നിവര് ചേര്ന്നാണ് മുങ്ങിയെടുത്തത്. കാഞ്ഞാര് പാലത്തിലൂടെ പോവുകയായിരുന്ന അന്വറാണ് ജലാശയത്തില് മുങ്ങിത്താഴുന്ന യുവാക്കളെ ആദ്യം കാണുന്നത്. ഇക്കാര്യം ടൗണിലുണ്ടായിരുന്ന സുഹൃത്തുക്കളോട് ഓടിയെത്തി പറയുകയായിരുന്നു. തുടര്ന്ന് അവര് ചാടിയിറങ്ങി കരക്ക് എത്തിച്ചു. ഒരാള്ക്ക് അനക്കമുണ്ടായിരുന്നതായും പറയുന്നു. ഈ സമയം ഇവിടെ എത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥര് പ്രാഥമിക ശുശ്രൂഷ നല്കി അവരുടെ ആംബുലന്സില് തൊടുപുഴ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 അടിയോളം താഴ്ചയില്നിന്നാണ് മുങ്ങിയെടുത്തതെന്ന് ഇവര് പറഞ്ഞു.
കാഞ്ഞാറില് കുന്നുംപുറത്ത് സലീമിന്റെ മകളുടെ വിവാഹച്ചടങ്ങില് പങ്കെടുക്കാനെത്തിയതാണ് ഫിര്ദൗസും അമല് ഷാബുവും അടങ്ങിയ അഞ്ചംഗസംഘം. ഇവര് ശനിയാഴ്ച രാവിലെ ഇവിടെ എത്തിയതാണ്. ഉച്ചകഴിഞ്ഞ് മലങ്കര ജലാശയത്തില് എത്തി വെള്ളത്തിലിറങ്ങി കാല് കഴുകാന് ശ്രമിക്കുന്നതിനിടെ ഫിര്ദൗസ് കാല്വഴുതി ജലാശയത്തില് വീണു. ഫിര്ദൗസിനെ രക്ഷിക്കാനായി ഒപ്പം ചാടിയ അമലും ഒഴുക്കില്പെട്ടു. ഇവിടെ വെള്ളത്തിനടിയില് പൊളിഞ്ഞുപോയ പഴയ പാലം ഉണ്ട്. പാലത്തില്നിന്ന് തെന്നി വീണതായിരിക്കും അപകടകാരണമെന്നാണ് നാട്ടുകാര് പറയുന്നത്.
ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പുഴയിലകപ്പെട്ട് 15 മിനിറ്റിനകം ഇരുവരെയും കരക്ക് എത്തിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ജാസ്മിന് മന്സിലില് ഫിര്ദൗസ് (20), ചങ്ങനാശ്ശേരി അറക്കല് വീട്ടില് അമല് ഷാബു (23) എന്നിവരാണ് മരിച്ചത്.
മരണത്തിലും പിരിയാതെ അവര് യാത്രയായി
ചെറുതോണി: കാമാക്ഷി അമ്ബലമേട് ക്ഷേത്രത്തിനുസമീപം പാറക്കുളത്തില് കുളിക്കാനിറങ്ങി മുങ്ങിമരിച്ച സുഹൃത്തുക്കളായ അരുണ് വേലൂര് (40), മഹേഷ് ആനചാരില് (39) എന്നിവരുടെ മൃതദേഹങ്ങള് വന് ജനാവലിയുടെ സാന്നിധ്യത്തില് സംസ്കരിച്ചു.
നാല് ദിവസമായി അമ്ബലമേട് ഭദ്രകാളി ക്ഷേത്രത്തിന്റെ ചുറ്റുമതില് നിര്മാണ ജോലികള് ചെയ്തുവരുകയായിരുന്നു സുഹൃത്തുക്കളായ മഹേഷും അരുണും. ഇവരുടെ വീടും ക്ഷേത്രത്തിന് സമീപത്താണ്. വെള്ളിയാഴ്ച പണി കഴിഞ്ഞപ്പോള് ഇവര് കുളത്തില് കുളിക്കാനിറങ്ങവേ കാല്വഴുതി 20 അടിയിലേറെ ആഴമുള്ള പാറക്കുളത്തില് വീഴുകയായിരുന്നു. അപകടത്തില്പെട്ടവരെ 15 മിനിറ്റിനകം കുളത്തില്നിന്ന് പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചെങ്കിലും മഹേഷും അരുണും മരിച്ചിരുന്നു. ഇരുവരും പിരിയാത്ത കൂട്ടുകാരായിരുന്നു.
മഹേഷിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടിലെത്തിച്ച് നാലിന് സംസ്കരിച്ചു. പരിശോധനയില് കോവിഡ് സ്ഥിരീകരിച്ചതിനാല് അരുണിന്റെ മൃതശരീര പരിശോധന നടപടി വൈകി. വൈകീട്ട് നാലിന് വീട്ടിലെത്തിച്ച മൃതദേഹം കോവിഡ് പ്രോട്ടോ കോള് പാലിച്ച് അഞ്ചിന് വീട്ടുവളപ്പില് സംസ്കരിച്ചു.