കേരളത്തിലെ തെരുവുനായ വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍.


ബംഗളൂരു: കേരളത്തിലെ തെരുവുനായ വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍. സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്ന തരത്തിലുള്ള കാംപയിനു പിന്തുണയുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രാഹുലിന്‍റെ പ്രതികരണം.
തെരുവുനായ്ക്കളുടെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന ‘വോയ്‌സ് ഓഫ് സ്ട്രേ ഡോഗ്‌സ്'(വി.ഒ.എസ്.ഡി) പോസ്റ്റര്‍ ഇന്‍സ്റ്റ സ്‌റ്റോറിയില്‍ പങ്കുവച്ചാണ് രാഹുല്‍ കാംപയിനൊപ്പം ചേര്‍ന്നത്. കേരളത്തില്‍ വീണ്ടും തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്നത് ആരംഭിച്ചിരിക്കുന്നുവെന്നും തെരുവുനായ്ക്കളും ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുനായ്ക്കളും സംസ്ഥാനത്ത് അപകടത്തിലാണെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കേരളത്തിലെ തെരുവുനായക്കളെ രക്ഷിക്കൂ എന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ‘ദയവായി, നിര്‍ത്തൂ’ എന്ന അപേക്ഷയോടെയാണ് രാഹുല്‍ പോസ്റ്റര്‍ പങ്കുവച്ചത്.
അതിനിടെ, സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ കര്‍മപദ്ധതിക്കുള്ള ഉത്തരവിറങ്ങി. ഹോട്ട്സ്പോട്ടുകളില്‍ സമ്ബൂര്‍ണ വാക്സിനേഷന്‍ നല്‍കുകയും എല്ലാ നായകള്‍ക്കും ഷെല്‍ട്ടര്‍ ഒരുക്കുകയും ചെയ്യും. തെരുവുമാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുനിരത്തില്‍ മാലിന്യം തള്ളിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 5,86,000 പേര്‍ക്കാണ്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു.
അതേസമയം, തെരുവുനായ വിഷയത്തില്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കാനിരിക്കുകയാണ് സിരിജഗന്‍ കമ്മിഷന്‍. തെരുവുനായ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി രൂപീകരിച്ച കമ്മിഷനാണ് ജസ്റ്റീസ് സിരിജഗന്‍ കമ്മീഷന്‍. കമ്മിഷനില്‍ ജ. സിരിജഗനെ കൂടാതെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയും നിയമസെക്രട്ടറിയുമാണ് അംഗങ്ങള്‍. ലക്ഷത്തിനുമുകളില്‍ തെരുവുനായ ആക്രമണക്കേസുകള്‍ ഓരോ വര്‍ഷവും നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്ബോഴും, കമ്മിഷനുമുന്നിലെത്തിയത് അയ്യായിരത്തില്‍ താഴെ അപേക്ഷ മാത്രമാണെന്നാണ് അധ്യക്ഷന്‍ ജ. സിരിജഗന്‍ ചൂണ്ടിക്കാട്ടുന്നു.