കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം 2 പേർക്ക് സാരമായ പരിക്കേറ്റു
കട്ടപ്പന: നിർമ്മലാസിറ്റി പന്തലാട്ടിൽ ലളിതാ സോമൻ (64) ആണ് തെരുവ് നായയുടെ ആക്രമണത്തിൽ കൈയ്ക്കും നടുവിനും സാരമായ പരിക്കേറ്റത്.ബുധനാഴ്ച്ച രാവിലെ 6 മണിയോടെ കട തുറക്കാനായി നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവ് നായ ലളിതയെ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ഇവരുടെ കൈപ്പത്തി നായ കടിച്ചു കീറി.നടുവിനേറ്റ കടിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.അലർച്ച കേട്ടെത്തിയ മകനാണ് വയോധികയെ രക്ഷപ്പെടുത്തിയത്.ചൊവ്വാഴ്ച്ച രാത്രിയിലാണ് നിർമലാസിറ്റി സ്വദേശിയായ അരുൺ മോഹന് നായ കടിയേറ്റത്. ഇദ്ദേഹത്തിന്റെ കാലിന് സാരമായി പരിക്കേറ്റു. ആഴത്തിൽ മുറിവേറ്റ ലളിതയും അരുണും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഇരുവരേയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു തുടങ്ങി.തുടർച്ചയായ രണ്ട് ദിവസങ്ങളിലും തെരുവ് നായ ആക്രമണമുണ്ടായതോടെ മുളകരമേട്ടിലെ ജനങ്ങൾ ഭീതിയിലാണ്.