അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിയില്‍ യാത്രചെയ്യവേ ഇടിച്ചിട്ട് നിര്‍ത്താതെപോയ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ക്കെതിരേ രണ്ട് സ്‌കൂള്‍കുട്ടികള്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കി


ചെറുതോണി: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിയില്‍ യാത്രചെയ്യവേ ഇടിച്ചിട്ട് നിര്‍ത്താതെപോയ കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവര്‍ക്കെതിരേ രണ്ട് സ്‌കൂള്‍കുട്ടികള്‍ ആര്‍ടിഒയ്ക്ക് പരാതി നല്‍കി. മുരിക്കാശ്ശേരിയില്‍ വെച്ച് അമിത വേഗത്തിലെത്തിയ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ഒന്നിലും അഞ്ചിലും പഠിക്കുന്ന ഈ പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മയ്ക്കും പരിക്കേറ്റിരുന്നു. എന്നാല്‍, ബസ് നിര്‍ത്താതെ പോയി. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് സഹോദരിമാര്‍ ഇടുക്കി ആര്‍.ടി.ഒ. ആര്‍.രമണന് പരാതി നല്‍കി.
മുരിക്കാശ്ശേരിയിലെ വ്യാപാരിയായ വാടയ്ക്കയില്‍ രഞ്ജിത്തിന്റെ മക്കള്‍ നിരഞ്ജന, നീലാഞ്ജന എന്നിവരാണ് പരാതിക്കാര്‍. പരാതി കിട്ടിയതിനെത്തുടര്‍ന്ന് കുട്ടികളില്‍നിന്ന് മൊഴിയെടുത്ത ആര്‍.ടി.ഒ. കെ.എസ്.ആര്‍.ടി.സി.കട്ടപ്പന എ.ടി.ഒ.യ്ക്ക് വിവരം കൈമാറി. ഡ്രൈവര്‍ക്ക് ചൊവ്വാഴ്ച ഇടുക്കി ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദുചെയ്യുമെന്ന് ആര്‍.ടി.ഒ. പറഞ്ഞു.
ഓഗസ്റ്റ് 29-നാണ് സംഭവം. ട്യൂഷന്‍ സെന്റര്‍ നടത്തുന്ന അമ്മ സീനയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്ബോള്‍ മുരിക്കാശ്ശേരിയില്‍ ബസ് സ്‌കൂട്ടറില്‍ തട്ടിയെന്നാണ് പരാതി. അമിതവേഗത്തില്‍ വന്ന ബസിന്റെ പിന്‍വശം സ്‌കൂട്ടറില്‍ തട്ടി . തലനാരിഴയ്ക്കാണ് സീനയും കുട്ടികളും രക്ഷപ്പെട്ടത്. നാട്ടുകാര്‍ പരിക്കേറ്റ കുട്ടികളെയും അമ്മയെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ ബസ് വഴിയില്‍ തടഞ്ഞു. അപകടവിവരം പറയുകയും ചെയ്തു. അങ്ങനൊരു സംഭവം അറിഞ്ഞില്ലെന്ന നിലപാടാണ് ഡ്രൈവര്‍ സ്വീകരിച്ചത്. പിന്നീട് മുരിക്കാശ്ശേരി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഡ്രൈവറെ വിളിച്ചുവരുത്തി. എന്നാല്‍, യൂണിയന്‍ പ്രവര്‍ത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ ഡ്രൈവര്‍ സംഭവം കണ്ടില്ലെന്നുപറഞ്ഞ് ഒഴിഞ്ഞു.
കുട്ടികളും അമ്മയും ഇപ്പോഴും ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് പേടിച്ച കുട്ടികള്‍ പിന്നീട് സ്‌കൂളില്‍ പോയില്ല. പുറത്തുള്ളവരുമായി സംസാരിക്കാനും ഭയപ്പെടുന്ന അവസ്ഥയാണ്. സ്‌കൂളില്‍നടന്ന ഓണപ്പരീക്ഷയിലും ഓണാഘോഷങ്ങളിലും കുട്ടികള്‍ പങ്കെടുത്തില്ല.