കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ ദുരന്തം നാടിന്‍റ കണ്ണീരായി


കുടയത്തൂര്‍: കുടയത്തൂര്‍ സംഗമം കവലക്കടുത്ത് മാളിയേക്കല്‍ കോളനിക്ക് സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം നാടിെന്‍റ കണ്ണീരായി.
ഇരുളില്‍ മരണമായി പെയ്തിറങ്ങിയ മഴ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ് എടുത്തത്. വെല്ലുവിളികളെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നാട് ഒന്നിച്ചിറങ്ങിയ കാഴ്ചക്കാണ് ദുരന്തഭൂമി സാക്ഷ്യംവഹിച്ചത്.
നേരം പുലരുന്നതിന് മുമ്ബുതന്നെ ദുരന്തവാര്‍ത്ത നാടാകെ പരന്നിരുന്നു. അറിഞ്ഞവര്‍ സംഗമം കവലക്ക് സമീപത്തെ ദുരന്തസ്ഥലത്തേക്ക് പ്രവഹിച്ചു. ദൂരെസ്ഥലങ്ങളില്‍നിന്നുപോലും വാഹനങ്ങളില്‍ ആള്‍ക്കൂട്ടമെത്തി. അഗ്നിരക്ഷസേനക്കും പൊലീസിനുമൊപ്പം അവര്‍ തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.
ഉരുള്‍പൊട്ടി ഒഴുകിയ വഴികളിലെ കൂറ്റന്‍ പാറക്കല്ലുകളും കടപുഴകിവീണ വന്മരങ്ങളും ഭീഷണിയാണെന്ന് പലരും മുന്നറിയിപ്പ് നല്‍കിയപ്പോഴും മണ്ണിനടിയില്‍പെട്ടവര്‍ക്കായി അവര്‍ കൈമെയ് മറന്നിറങ്ങി. പ്രദേശത്ത് കാല്‍മുട്ടോളം ആഴ്ന്നുപോകുന്ന വിധത്തില്‍ പലയിടത്തും ചളി അടിഞ്ഞുകൂടിയിരുന്നു.
മരക്കുറ്റികളും കല്ലിന്‍കൂട്ടങ്ങളും കൂടിയായപ്പോള്‍ കാല്‍കുത്തി നടക്കാന്‍പോലും പ്രയാസമായി. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവസ്ഥലം ജനനിബിഡമായി. സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അപ്പോഴും നടുക്കം വിട്ടുമാറിയിരുന്നില്ല.
ഒരു കുടുംബം മണിക്കൂറുകളായി മണ്ണിനടിയിലാണെന്ന് അറിയാമെങ്കിലും അവര്‍ ജീവനോടെ തിരിച്ചെത്തണമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനയിലുമായിരുന്നു എല്ലാവരും. ചടുലമായും കൃത്യമായി നിര്‍ദേശങ്ങള്‍ പാലിച്ചും തിരച്ചില്‍ നടത്തിയതിനാല്‍ അഞ്ച് മൃതദേഹങ്ങളും ഉച്ചക്ക് മുമ്ബുതന്നെ പുറത്തെടുക്കാനായി.
ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം, ഐ.ആര്‍.ഡബ്ല്യു, പോപുലര്‍ ഫ്രണ്ട്, സേവാഭാരതി, റാപിഡ് റെസ്പോണ്‍സ് ടീം തുടങ്ങിയ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് മുന്‍നിരയിലുണ്ടായിരുന്നു. മന്ത്രി കെ. രാജന്‍, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.